NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ചികിത്സാ ചെലവ് മുഴുവന്‍ മടക്കി നല്‍കണം’; ബബീഷിന് മമ്മൂട്ടിയുടെ കൈത്താങ്ങ്

 

കുറ്റിപ്പുറം: പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയുടെ മകൻ ബബീഷിന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് മമ്മൂട്ടി നിർദേശം നൽകി. ബബീഷിന്റെ ഭാര്യ സുനിതയ്ക്കും മകൻ ആരവിനും പൊള്ളലേറ്റതിനെ തുടർന്നാണ് മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാ കേന്ദ്രത്തിൽ ഇവർ ചികിത്സ തേടിയെത്തിയത്.

 

അടുക്കളയിൽ നിന്ന് തിളച്ച വെള്ളം വീണ് ഇരുവർക്കും പൊള്ളലേൽക്കുകയായിരുന്നു. ചികിത്സക്കിടെയാണ് ബബീഷിന്റെ അച്ഛൻ അപ്പുണ്ണിയെക്കുറിച്ച് ആശുപത്രിയിലെ പ്രധാന ചികിത്സകനായ ജ്യോതിഷ് കുമാർ അറിയുന്നത്. വർഷങ്ങൾക്ക് മുൻപ് ഹൃദ്രോഗബാധിതനായ അപ്പുണ്ണിക്ക്‌ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തിക സഹായം മമ്മൂട്ടി നൽകിയിരുന്നു. പൊന്നാനിയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷനാണ് അപ്പുണ്ണിയുടെ അവസ്ഥ മമ്മൂട്ടിയെ അറിയിച്ചത്.

 

അപ്പുണ്ണിയുടെ കുടുംബം ചികിത്സയ്ക്ക് വിധേയരായതായി ജ്യോതിഷ് കുമാർ അറിയിച്ചപ്പോഴാണ് അതുവരെ ചികിത്സക്കായി സ്ഥാപനത്തിൽ അടച്ച തുക തിരിച്ചുനൽകാനും തുടർചികിത്സ സൗജന്യമായി നൽകാനും ജ്യോതിഷ് കുമാറിന് മമ്മൂട്ടി നിർദേശം നൽകിയത്. അതുവരെ ചികിത്സയ്ക്ക് ഈടാക്കിയ മുഴുവൻ തുകയും ചികിത്സാ സ്ഥാപനം അപ്പുണ്ണിയുടെ കുടുംബത്തിന് തിരിച്ചുനൽകി.

Leave a Reply

Your email address will not be published.