NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ സിവിജില്‍ മൊബൈല്‍ ആപ്പ്: ജനങ്ങള്‍ക്ക് നേരിട്ട് പരാതിപ്പെടാം.

നിയമസഭാ/ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നേരിട്ട് പരാതിപ്പെടാം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, തെരഞ്ഞെടുപ്പ് ചെലവ് പരിധി ലംഘനം തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം.

വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സി- വിജില്‍ ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വീഡിയോ, ഫോട്ടോ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ദൃശ്യം പകര്‍ത്തി സി വിജില്‍ വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററിലേക്ക് അയയ്ക്കാം.
പരാതിപ്പെടുന്നയാള്‍ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല എന്ന പ്രത്യേകതയും ആപ്പിനുണ്ട്. പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരാതി ട്രാക്ക് ചെയ്ത്  നിലവിലെ അവസ്ഥ അറിയാനുള്ള സംവിധാനവുമുണ്ട്. ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി ബന്ധപ്പെടുത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം.
അതിനാല്‍ ചട്ടലംഘനം വ്യക്തമാക്കുന്ന ചിത്രം, വീഡിയോ എടുക്കുന്ന സ്ഥലത്തു നിന്നു തന്നെ ആപ്പില്‍ അപ്ലോഡ് ചെയ്യണം. പരാതി നല്‍കുന്ന നടപടി ആരംഭിച്ചാല്‍ അഞ്ച് മിനുട്ടിനകം ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്തു കഴിയണം.

ഒരു പരാതി സമര്‍പ്പിച്ചാല്‍ അഞ്ചുമിനുട്ടിനു ശേഷമേ അടുത്ത പരാതി നല്‍കാനാവൂ. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നൂറ് മിനിറ്റിനകം നടപടി സ്വീകരിക്കും. ഒരാള്‍ നല്‍കുന്ന പരാതി ആദ്യമെത്തുന്നത് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമിലാണ്.
ഈ പരാതി ലഭിച്ചാല്‍ അഞ്ചു മിനുറ്റിനകം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും സന്ദേശം അതതു നിയമസഭാ മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറും. അവര്‍ ഉടന്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കും.
സ്വീകരിച്ച നടപടി 100 മിനിറ്റിനകം പരാതിക്കാരനെ അറിയിക്കും.  കൂടുതല്‍ പരിശോധന ആവശ്യമുള്ള പരാതികള്‍ ജില്ലാതല സമിതിക്കുള്‍പ്പെടെ മുകള്‍ തട്ടിലേക്കു കൈമാറുന്ന തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *