NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഓണം ഒരുമയുടെ ഈണം’; ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി; ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും മുഖ്യ അതിഥികള്‍ ആകും. ഉദ്ഘാടന ചടങ്ങില്‍, സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും.

ജില്ലയില്‍ വിവിധ ഇടങ്ങളില്‍ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍ നടക്കുക. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, എന്നിവിടങ്ങളാണ് പ്രധാന വേദികള്‍. ലേസര്‍ ഷോ പ്രദര്‍ശനം ഇത്തവണത്തെ ആഘോഷത്തിന് മാറ്റു കൂട്ടും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സംഘടിപ്പിച്ചു വരുന്ന വെര്‍ച്വല്‍ ഓണപ്പൂക്കളം ഇത്തവണയും ഉണ്ട്. കനകക്കുന്നില്‍ വാരാഘോഷ ദിവസങ്ങളില്‍ ട്രേഡ് ഫെയറും ഫുഡ് ഫെസ്റ്റും ഉണ്ടാകും.

 

 

കലാപരിപാടികള്‍

പ്രമുഖ ചലച്ചിത്രപിന്നണി ഗായകരും ചലച്ചിത്ര താരങ്ങളും അണിനിരക്കുന്ന കൈരളി ടീവിയുടെ ചിങ്ങ നിലാവ് ആണ് ഉദ്ഘാടന ദിവസത്തെ കലാപരിപാടി. ഡോ. മല്ലിക സാരാഭായിയുടെ നേതൃത്വത്തില്‍ ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോര്‍മിങ് ആര്‍ട്‌സിന്റെ നൃത്ത്യ പരിപാടി, ടിനി ടോം – കലാഭവന്‍ പ്രജോദ് എന്നിവരുടെ മെഗാ ഷോ, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി – പ്രകാശ് ഉള്ളിയേരി എന്നിവരുടെ ഫ്യൂഷന്‍, മനോരമ മെഗാ ഷോ, ഷഹബാസ് അമന്‍ ഗസല്‍ സന്ധ്യ, ഹരിശങ്കര്‍ നേതൃത്വം നല്‍കുന്ന മ്യൂസിക്കല്‍ നൈറ്റ് എന്നിവ ഒരാഴ്ചക്കാലം നിശാഗന്ധിയെ ആഘോഷത്തിലാക്കും. മറ്റ് പ്രധാന വേദികളായ പൂജപ്പുര, കഴക്കൂട്ടം എന്നിവിടങ്ങളിലും പ്രമുഖ ഗായകരും സംഗീതജ്ഞരും ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. പ്രാദേശിക കലാകാരന്മാര്‍ക്ക് വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

 

 

വൈദ്യുത ദീപാലങ്കാരം

കവടിയാറില്‍ നിന്നും ശാസ്തമംഗലം വരെയും മണക്കാട് വരെയും വൈദ്യുത ദീപാലങ്കാരം ഒരുക്കും. ഇതുകൂടാതെ കനകക്കുന്നില്‍ ആകര്‍ഷകമായ പ്രത്യേക ദീപാലങ്കാരവും ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഓഗസ്റ്റ് 26 ന് വൈകിട്ട് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും.

 

 

സമാപന ഘോഷയാത്ര

വാരാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്ര സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചുമണിക്ക് മാനവീയം വീഥിക്ക് സമീപം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഘോഷയാത്ര നടക്കുക. ഇതിനായി ഒരു ഗ്രീന്‍ ആര്‍മി രൂപീകരിച്ചിട്ടുണ്ടെന്നും ഇതോടൊപ്പം ടൂറിസം ക്ലബ്ബിന്റെ വോളണ്ടിയര്‍മാരും സേവനത്തിന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിഐപികള്‍ക്കായി മുന്‍വര്‍ഷങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ ഒരുക്കിയിരുന്ന പവലിയന്‍ ഇത്തവണ പബ്ലിക് ലൈബ്രറിക്ക് മുന്നിലേക്ക് മാറ്റും. ഭിന്നശേഷി കുട്ടികള്‍ക്ക് ഘോഷയാത്ര കാണാനുള്ള പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ പഴുതടച്ച സുരക്ഷ ഒരുക്കും.

Leave a Reply

Your email address will not be published.