താനൂർ കസ്റ്റഡി കൊലപാതകം; എസ്ഐയോട് ക്രൈംബ്രാഞ്ചിന് മൊഴി നൽകരുതെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു


മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ഡിവൈഎസ്പി വി വി ബെന്നിയുടെ കൂടുതൽ ഇടപെടലുകൾ പുറത്തായതായി റിപ്പോർട്ട്. താനൂർ എസ് ഐ കൃഷ്ണ ലാലുമായി ഡിവൈഎസ്പി വി വി ബെന്നി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായത്.
ക്രൈംബ്രാഞ്ചിന് ഇപ്പോൾ മൊഴി നൽകരുതെന്നും വക്കീലിനെ കണ്ട് മൊഴി പഠിച്ച ശേഷം മാത്രം പോയാൽ മതിയെന്നും ഡിവൈഎസ്പി വി വി ബെന്നി എസ്ഐ കൃഷ്ണലാലിനോട് ആവശ്യപ്പെട്ടു. മഞ്ചേരി ശ്രീധരൻ നായരെ കാണാതെ ക്രൈംബ്രാഞ്ചിന് മൊഴി നൽകരുത്. എല്ലാവരും കൂടിയിരുന്ന തീരുമാനിച്ചു വക്കീലിനെയും കണ്ട ശേഷം മൊഴി നൽകിയാൽ മതിയെന്നും കൃഷ്ണ ലാലിനോട് വി വി ബെന്നി നിർദേശിച്ചു. മഞ്ചേരി ശ്രീധരനെ കാണുന്ന കാര്യം ആരും അറിയരുതെന്നും ഉടൻ മലപ്പുറത്തേക്ക് വരണമെന്നും വിവി ബെന്നി കൃഷ്ണലാലിനോട് ആവശ്യപ്പെടുന്നതായും സംഭാഷണത്തിൽ ഉണ്ട്.
താമിറിനെ തല്ലിച്ചതച്ച ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇരുന്ന് മൊഴി പഠിപ്പിക്കാന്‍ വരണമെന്ന് ഡിവൈഎസ്പി ബെന്നി എസ്ഐ കൃഷ്ണലാലിനെ നിര്‍ബന്ധിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. മലപ്പുറത്ത് വരാന്‍ ഡിവൈഎസ്പി പല തവണ നിര്‍ബന്ധിക്കുന്നത് ഈ ശബ്ദരേഖയില്‍ കേള്‍ക്കാം.
മൊഴി ഷേപ്പ് ചെയ്യണമെന്ന് ഡിവൈഎസ്പി ബെന്നി താനൂര്‍ എസ്‌ഐ കൃഷ്ണലാലിനോട് ആവശ്യപ്പെടുന്നുണ്ട്. പ്രതികളെ ആര് കൊണ്ടുവന്നു എന്ന മൊഴി ഷേപ്പ് ചെയ്യണം. ഡാന്‍സാഫ് ടീമുമായും സംസാരിക്കണം. തന്റെ അടുത്ത് വരേണ്ട. തൃശൂരോ പൊന്നാനിയിലോ ചാവക്കാടോ ഇരിക്കാം. രണ്ട് ദൂതന്‍മാരെ എസ്‌ഐയുടെ അടുത്തേക്ക് പറഞ്ഞു വിടാമെന്നും ഡിവൈഎസ്പി ബെന്നി ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിനായി പിടിച്ചെടുക്കുകയും പരിശോധിക്കുകയും വേണമെന്ന് അഡ്വ. ആശ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കസ്റ്റഡി കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് അവര്‍ക്കൊപ്പമുള്ളവരെ സംരക്ഷിക്കാന്‍ ശ്രമിക്കും. തെളിവുകള്‍ എല്ലാം അവരുടെ കയ്യില്‍ ആണ് ഉള്ളത്. ഓന്നോ രണ്ടോ ഉദ്യോഗസ്ഥരെ മാത്രം സസ്പന്‍ഡ് ചെയ്തതു കൊണ്ട് കേസ് നീതി പൂര്‍വമായി അന്വേഷണം നടത്താന്‍ സാധിക്കില്ല. അതിനാല്‍ തന്നെ കസ്‌ററഡിമരണങ്ങള്‍ അന്വേഷിക്കാന്‍ ഗവണ്‍മെന്റ് കാര്യക്ഷമമായ ഒരു പ്രോട്ടോക്കോള്‍ തന്നെ രൂപപ്പെടുത്തണമെന്നും അഡ്വ. ആശ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.