വ്യാജ ഒപ്പിട്ട് പണം തട്ടി; മൂന്നിയൂർ കുടുംബശ്രീ സെക്രട്ടറി അറസ്റ്റിൽ


തിരൂരങ്ങാടി: ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്നും പണം തട്ടി എന്ന പരാതിയിൽ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു. മൂന്നിയൂർ തനിമ കുടുംബശ്രീ പ്രസിഡന്റ് പുല്ലിത്തൊടി ഹബീബയുടെ പരാതിയിൽ സെക്രട്ടറി പി.കെ.സുമൈറ (34)യെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്‌തത്. ചേളാരി ഗ്രാമീൺ ബാങ്കിലെ കുടുംബശ്രീ അകൗണ്ടിൽനിന്നും ഇരുപത്തയ്യായിരം രൂപ നഷ്ടപ്പെട്ടതായി പ്രസിഡന്റ് ഹബീബ തിരൂരങ്ങാടി പൊലിസിൽ പരാതി നൽകിയിരുന്നു. താനറിയാതെ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കിൽനിന്നും പണം തട്ടി എന്നാണ് പരാതി. അൻപതിനായിരം രൂപയുടെ ലോണിനുവേണ്ടി ബാങ്കിനെ സമീപിച്ചപ്പോഴാണ് അകൗണ്ടിൽ പണമില്ലെന്ന് അറിയുന്നത്. അകൗണ്ട് പരിശോധിച്ചപ്പോൾ മെയ് 25ന് ഇരുപത്തയ്യായിരം രൂപ വിൻവലിച്ചതായും ചെക്ക് ബുക്ക് പരിശോധിച്ചപ്പോൾ മൂന്ന് ലീഫുകൾ നഷ്ടപ്പെട്ടതായും കാണപ്പെട്ടു. ഇതോടെയാണ് ഹബീബ പൊലിസിൽ പരാതിനൽകിയത്. നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെങ്കിലും ഇവർ കുറ്റം സമ്മതിച്ചിരുന്നില്ല. വാർഡ് മെമ്പർ ജാസ്മിൻ മുനീറിന്റെ നേതൃത്വത്തിൽ കുറ്റവാളിയെ കണ്ടെത്താൻ നിരന്തര ശ്രമം നടത്തിയിരുന്നു.