‘ട്രിപ്‌സോൾ ഇന്ത്യ’ എന്ന പേരിൽ കാറിൽ യുവാക്കളുടെ ഇന്ത്യാപര്യടനം: സ്വാതന്ത്ര്യദിനത്തിൽ യാത്ര തുടങ്ങും.


തിരൂരങ്ങാടി : രാജ്യത്തിന്റെ വൈവിധ്യങ്ങളും സംസ്‌ക്കാരങ്ങളും പഠിക്കുന്നതിനും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുമായി യുവാക്കൾ നടത്തുന്ന 120 ദിവസം നീളുന്ന ഇന്ത്യാപര്യടനം സ്വാതന്ത്ര്യദിനത്തിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ ചെമ്മാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി വി.കെ. ശാഹിദ്, കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി കെ. ഇസ്മായീൽ എന്നിവരാണ് ഇന്ത്യയുടെ ആത്മാവറിയാൻ ‘ട്രിപ്‌സോൾ ഇന്ത്യ’ എന്നപേരിൽ കാറിൽ യാത്ര നടത്തുന്നത്.
ഗ്രാമങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന യാത്രയുടെ വിവരങ്ങൾ സാമൂഹ്യമാധ്യങ്ങളിലൂടെ ജനങ്ങളിലെത്തിക്കും. സ്വാതന്ത്ര്യദിനത്തിൽ പാലത്തിങ്ങൽ എ.എം.യു.പി. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ യാത്രക്ക് തുടക്കമാകും.
വാർത്താസമ്മേളനത്തിൽ ഡോ. അബ്ദുൽ കബീർ മച്ചിഞ്ചേരി, എം. കുഞ്ഞിമുഹമ്മദ്, വി.കെ. ശാഹിദ് എന്നിവരും പങ്കെടുത്തു.