നെയ്മർ അൽ ജൂനിയർ,; ബ്രസീലിയൻ താരം സൗദി ക്ലബ്ബ് അൽ ഹിലാലിൽ


പാരിസ്: യൂറോപ്യൻ ഫുട്ബോളിൽ നിന്നും സൗദിയിലേക്കുള്ള താരങ്ങളുടെ ഒഴുക്കിൽ അടുത്ത പേര് നെയ്മർ ജൂനിയറിന്റേത്. പിഎസ്ജി വിട്ട് നെയ്മർ ജൂനിയർ സൗദി ക്ലബ് അൽ ഹിലാലിലേക്ക്. രണ്ട് വർഷത്തേയ്ക്കാണ് അൽ ഹിലാലിൽ നെയ്മറിന്റെ കരാർ. 160 ദശലക്ഷം യൂറോയ്ക്കാണ് (1454 കോടി രൂപ) നെയ്മറിൻ്റെ ട്രാൻസ്ഫർ. പത്താം നമ്പർ ജഴ്സിയിലാണ് സൂപ്പർ താരം അൽ ഹിലാലിലും കളിക്കുക. നെയ്മറിന്റെ വൈദ്യ പരിശോധന ഇന്ന് തന്നെ പൂർത്തിയാക്കും. ഈ ആഴ്ച തന്നെ താരം സൗദിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
പിഎസ്ജി ജഴ്സിയിൽ ആറ് വര്‍ഷം കളിച്ചാണ് ബ്രസിലീയൻ താരം പാരിസ് വിടുന്നത്. ഫ്രഞ്ച് ക്ലബുമായി ഒരു വർഷം കൂടി നെയ്മറിന് കരാർ ബാക്കി ഉണ്ടായിരുന്നു. 2017ല്‍ ലോക ഫുട്‌ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് നെയ്മർ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബിലേക്ക് എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു (2,019 കോടി രൂപ) അന്നത്തെ ട്രാന്‍സ്ഫര്‍. 173 മത്സരങ്ങളില്‍ പിഎസ്ജിക്കായി പന്ത് തട്ടിയ നെയ്മർ 118 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടു കൂടിയാണ് സൗദി ക്ലബ്ബുകളിലേക്ക് യൂറോപ്പിൽ നിന്ന് വമ്പൻ താരങ്ങള്‍ എത്തിത്തുടങ്ങിയത്. ഈ വർഷം ആദ്യമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോര്‍ഡ് തുകയ്ക്ക് സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് എത്തിയത്. പിന്നീട് കരീം ബെന്‍സെമ, സാദിയോ മാനെ, എന്‍ഗോളോ കാന്റെ, റിയാദ് മെഹ്റസ് തുടങ്ങിയവരുൾപ്പടെ വലിയ താര നിര യൂറോപ്പ് വിട്ട് സൗദിയിലേക്ക് എത്തിയിരുന്നു.