പാവങ്ങളുടെ വയറ്റത്തടിച്ചു; മലപ്പുറത്ത് 144 ഓളം ജനകീയ ഹോട്ടലുകള്‍; സബ്സിഡി വകയിൽ ലഭിക്കാനുള്ളത് 8 കോടി രൂപയോളം


മലപ്പുറം: പാവപ്പെട്ടവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ. നൽകാനായി ആരംഭിച്ച ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി നിർത്തലാക്കിയതിനെതിരെ പ്രതിഷേധം.നിലവിൽ ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്ന ജില്ലയിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത സബ്സിഡി വകയിൽ 8 കോടി രൂപയോളം ലഭിക്കാനുണ്ട്. 144 ഓളം ജനകീയ ഹോട്ടലുകളാണു ജില്ലയിൽ പ്രവർത്തിക്കുന്നത് 20 രൂപ നൽകുന്ന ഊണിന് 10 രൂപയാണ് സബ്സിഡി നൽകുക. ഈ തുക സാമ്പത്തിക ഞെരുക്കത്തിന്റെ പേരു പറഞ്ഞ് ഇതുവരെ നൽകിയിട്ടില്ല.എങ്കിലും നഷ്ടം സഹിച്ച് സബ്സിഡി കിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബശ്രീ സിഡിഎസുകൾ ജനകീയ ഹോട്ടലുകൾ നടത്തുന്നുണ്ട്.
ജനകീയ ഹോട്ടലുകളെ ആകർഷിപ്പിച്ചിരുന്നത് 20 രൂപയുടെ ഊണായിരുന്നു. ഇത് ഇപ്പോൾ 30 രൂപയായി വർധിപ്പിക്കാനാണു നിർദ്ദേശം.25 രൂപ നൽകിയിരുന്ന പാലിനു 35 രൂപയും. നിലവിൽ ജനകീയ ഹോട്ടലുകൾക്കു നൽകി വരുന്ന പിന്തുണാ സഹായങ്ങളായ വാടക, വൈദ്യുതി നിരക്ക് വെള്ളക്കരം, സിവിൽ സപ്ലൈസിൽ നിന്നു സബ്സിഡി നിരക്കിൽ ലഭിക്കുന്ന അരി എന്നിവ തുടർന്നും ജനകീയ ഹോട്ടലുകൾക്കു ലഭ്യമാകും. എങ്കിലുംനിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റ ം ഹോട്ടൽ നടത്തിപ്പ് പ്രയാസമാക്കുമെന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്.
ഈ മാസം ഒന്നു മുതൽ സബ്സിഡി നൽകില്ല എന്ന ഉത്തരവ് കഴിഞ്ഞ 10ന് നൽകി 10 ദിവസത്തെ കടബാധ്യത കൂടി ഇവരുടെ മേൽ കെട്ടിവച്ചിരിക്കുകയാണെന്നു നടത്തിപ്പുകാർ ആരോപിച്ചു. സ്വർണാഭരണങ്ങൾ വിറ്റും കിടപ്പാടങ്ങൾ പണയം വച്ചും ജനകീയ ഹോട്ടൽ മാസങ്ങളോളം നടത്തി സർക്കാരിന്റെ മുഖം രക്ഷിക്കാൻ 20 രൂപയ്ക്ക് ഊണ് വിളമ്പിക്കൊടുത്ത് കബളിപ്പിക്കപ്പെട്ടിരിക്കയാണെന്നും ഹോട്ടൽ നടത്തിപ്പുകാരായ വനിതകൾ പറഞ്ഞു. നേരത്തെ ലഭിക്കാൻ ബാക്കിയുള്ള 8 കോടിയോളം രൂപയും പത്ത് ദിവസത്തെ സബ്സിഡിയും അനുവദിച്ചു കിട്ടാൻ വേണ്ടി ജനകീയ ഹോട്ടൽ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.