കോഴിക്കോട് മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി


കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ ഊരള്ളൂർ ടൗണിൽ നിന്ന് അൽപം മാറിയാണ് ശരീരഭാഗം കണ്ടെത്തിയത്. യുവാവിന്റേതെന്ന് സംശയിക്കുന്ന കാൽ വയലിനോട് ചേർന്നുള്ള ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവിൽ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തും.