ഹോക്കിയില്‍ ആധിപത്യം തുടരാന്‍ ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യന്‍സ് സെമിയില്‍ ഇന്ന് ജപ്പാനെ നേരിടും


ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ നിലവിലെ റണ്ണറപ്പായ ജപ്പാനെയാണ് നേരിടുന്നത്. രാത്രി 8.30ന് ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തിലാണ് മത്സരം. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ആദ്യ സെമി മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയ മലേഷ്യയെ നേരിടും.
ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വിയറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. അഞ്ച് കളിയില്‍ നാല് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ജേതാക്കളാണ് ഇന്ത്യ. അതേസമയം ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരാണ് ജപ്പാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജപ്പാന്‍ ഇറങ്ങുന്നത്.
ടൂര്‍ണമെന്റില്‍ ഏഴ് ഗോളടിച്ച നായകന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യന്‍ ടീമിന്റെ കരുത്ത്. ഹര്‍മന്റെ എല്ലാ ഗോളും പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് എന്നുള്ളതാണ് മറ്റൊരു സവിശേഷത. ദക്ഷിണാഫ്രിക്കക്കാരനായ ക്രെയ്ഗ് ഫുള്‍ട്ടന്റെ കീഴിലുള്ള ഇന്ത്യന്‍ സംഘത്തില്‍ ക്യാപ്റ്റന് പുറമേ മന്‍ദീപ് സിംഗ്, ജുഗ്രാജ് സിംഗ്, അക്ഷദീപ് സിംഗ് തുടങ്ങിയവരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നതും പ്രതീക്ഷ നല്‍കുന്നു.
അഞ്ചാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 2018, 2016, 2011 വര്‍ഷങ്ങളില്‍ ജേതാക്കളായപ്പോള്‍ 2012ല്‍ ഇന്ത്യ റണ്ണറപ്പായി. 2013 ലും 2021ലും റണ്ണറപ്പായതുമാണ് ജപ്പാന്റെ വലിയ നേട്ടം. 2021ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജാപ്പനീസ് സംഘം ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി