NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’; സിനിമയില്‍ മുന്നറിയിപ്പ് നല്‍കാത്തത് ക്രിമിനൽ കുറ്റമല്ലാതാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന അബ്കാരി നിയമത്തിലെ ചില വ്യവസ്ഥകൾ കുറ്റവിമുക്തമാക്കാനൊരുങ്ങി സർക്കാർ. നിലവിലെ അബ്കാരി നിയമമനുസരിച്ച്, സിനിമയിലെ മദ്യപാന രംഗങ്ങളിൽ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കാതിരുന്നാൽ ആറ് മാസം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും. നിയമവിരുദ്ധമായ മദ്യപരസ്യങ്ങൾക്കുള്ള ശിക്ഷ ആറുമാസം വരെ തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്. എന്നാൽ ഈ വ്യവസ്ഥ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

 

ഭേദഗതി പ്രകാരം, തടവുശിക്ഷയില്ലാതെ കുറ്റത്തിന് പിഴ 50,000 രൂപയാക്കി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു. ‘മദ്യവ്യാപാരം ഒരു വ്യവസായമാണ്. നിയമത്തിലെ ചില വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കുകയാണ്. ഇത് കേരളത്തിൽ ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക് സൗകര്യമാകും,’ ഭേദഗതി അവതരിപ്പിച്ചുകൊണ്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

 

നിലവിൽ, അബ്കാരി നിയമത്തിലെ സെക്ഷൻ 55 എച്ച്, 55 ഐ വകുപ്പുകൾ പ്രകാരം സിനിമയിലെ മദ്യപാന മുന്നറിയിപ്പ് കൊടുക്കാതിരിക്കുന്നതും നിയമവിരുദ്ധമായ മദ്യപരസ്യങ്ങൾ നൽകുന്നതും ക്രിമിനൽ കുറ്റമാണ്. എന്നാൽ അബ്കാരി നിയമത്തിലെ ഈ രണ്ട് വകുപ്പുകളും ലംഘിച്ചതിന് സംസ്ഥാനത്ത് നാളിതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള നിയമങ്ങളിൽ ഇത്തരത്തിൽ ഭേദഗതി വരുത്തിയ നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് എം ബി രാജേഷ് പറഞ്ഞു.

 

ഭേദഗതിയെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായി എതിർത്തു. 50,000 രൂപ പിഴയടച്ച് പരസ്യങ്ങളിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാൻ പലരും ഇത്തരമൊരു അവസരം പ്രയോജനപ്പെടുത്തുന്നതിനാൽ ഇത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് അവർ അറിയിച്ചു. മദ്യപാനം ജനകീയമാക്കാനുള്ള ശ്രമമാണിതെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ പറഞ്ഞു. ഭേദഗതി സെലക്ട് കമ്മിറ്റിക്ക് വിടുന്നതിന് മുമ്പ് സർക്കാർ പൊതുജനാഭിപ്രായം കണക്കിലെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാല്‍ സർക്കാർ അത് നിരസിച്ചു.

Leave a Reply

Your email address will not be published.