മെസ്സിക്കൊപ്പം അമേരിക്കയിലേക്കില്ല; ഇനിയേസ്റ്റ ഇനി എമിറേറ്റ്സില്‍


സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ യുഎഇ ക്ലബ്ബില്‍. റാസല്‍ഖൈമ ആസ്ഥാനമായുള്ള യുഎഇ പ്രോ ലീഗ് ക്ലബ്ബായ എമിറേറ്റ്സ് എഫ്സിയുമായാണ് 39കാരനായ താരം കരാറൊപ്പിട്ടത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഈ മാസം 19ന് അല്‍ വസ്ലിനെതിരെയുള്ള മത്സരത്തിലൂടെ താരം അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ബാഴ്സലോണ താരമായ ഇനിയേസ്റ്റ രണ്ട് വര്‍ഷത്തെ കരാറില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബാഴ്സലോണയിലും ജപ്പാനിലും ഒരുപാട് വര്‍ഷങ്ങള്‍ ചെലവഴിച്ച ശേഷം തന്റെ കരിയറിലെ മറ്റൊരു പ്രധാന ചുവടുവെപ്പാണെന്ന് ലോകകപ്പ്, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് ജേതാവായ ഇനിയേസ്റ്റ പറഞ്ഞു. ‘ഞാനിവിടെ പുതിയൊരു പേജ് തുറക്കുകയാണ്. എന്റെ ടീമിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്യും’, റാസല്‍ഖൈമയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
2002 മുതല്‍ 2018 വരെ ബാഴ്സയുടെ മധ്യനിര വാണിരുന്ന ഇനിയേസ്റ്റ 2018ലാണ് ജാപ്പനീസ് ക്ലബ്ബായ വിസ്സെല്‍ കോബെയിലേക്ക് ചേക്കേറിയത്. ബാഴ്സ താരമായിരിക്കെ നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും ഒന്‍പത് തവണ ലാ ലീഗ കിരീടവും താരം നേടി. 2010 ലോകകപ്പിലും 2008, 2012 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ജേതാക്കളായ സ്പെയിന് ടീമിന്റെ പ്രധാന താരമായിരുന്നു ഇനിയേസ്റ്റ. ജാപ്പനീസ് ക്ലബ്ബ് വെസ്സല്‍ കോബെക്ക് വേണ്ടി 2019ല്‍ എംപറേര്‍സ് കപ്പും 2020ല്‍ ജപ്പാനീസ് സൂപ്പര്‍ കപ്പും താരം സ്വന്തമാക്കി.