പോക്സോ കേസിൽ ചെമ്മാട്ടെ ട്രക്കർ ഡ്രൈവർക്ക് 6 വര്‍ഷം കഠിന തടവും, 60,000/- രൂപ പിഴയും വിധിച്ച് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി.


പരപ്പനങ്ങാടി : പതിനാറുവയസ്സുകാരിയെ യാത്രക്കിടെ വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ചെമ്മാട്ടെ ട്രക്കർ ഡ്രൈവർക്ക് 6 വര്‍ഷം കഠിന തടവും, 60,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി കുരിക്കള്‍ പീടിക അഷ്റഫ് (41) നാണ് തിരൂരങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എ. ഫാത്തിമ ബീവി ശിക്ഷ വിധിച്ചത്.
2019 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം വൈകുന്നേരം അമ്പലപ്പടിയിൽ വെച്ച് പരാതിക്കാരിയായ പതിനാറുകാരി ചെമ്മാട് – പരപ്പനങ്ങാടി റൂട്ടില്‍ ഇയാൾ ഡ്രൈവറായി പാരലല്‍ സര്‍വ്വീസ് നടത്തുന്ന ട്രക്കറില്‍ കയറി ഇയാളുടെ സമീപത്തിരുന്ന് യാത്ര ചെയ്തിരുന്നു. ഈ സമയം ഇയാൾ സ്റ്റിയറിംഗ് തിരിക്കുന്നതിനിടെ മനപൂര്‍വ്വം ലൈംഗികോദ്ദേശത്തോടുകൂടി കൈമുട്ട് കൊണ്ട് ദേഹത്ത് ലൈംഗികാക്രമണം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരൂരങ്ങാടി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായിരുന്ന കെ. റഫീഖ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്പെക്ടറായിരുന്ന ഇ. നൗഷാദ് ആണ് കേസ്സില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
വിവിധ വകുപ്പുകളിലായി 6 വര്‍ഷം കഠിന തടവിനും, 60,000/- രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 7 മാസം കഠിന തടവിനുമാണ് കോടതി ശിക്ഷിച്ചത്. പിഴയടക്കുന്നത് അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവുണ്ട്. പ്രതി അഷ്റഫിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. പ്രോസിക്യുഷന് ഭാഗം തെളിവിലേക്കായി 16 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക് ഹാജരായി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു.