NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഉമ്മന്‍ചാണ്ടി അത്യപൂര്‍വ്വ നിയമസഭാ സാമാജികന്‍, കേരളം വിട്ടുപോകാത്ത മനസ്’; മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് നിയമസഭാ സമ്മേളനത്തിന് തുടക്കം. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അത്യപൂര്‍വ്വ നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം. ഒരേ മണ്ഡലത്തെ അര നൂറ്റാണ്ടിലേറെ പ്രതിനിധീകരിക്കുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുകയൊക്കെ ലോക പാര്‍ലമെന്റ് ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവമാണ്. കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ട് കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതില്‍ പങ്കുവഹിച്ചു. രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുമ്പോഴും നല്ല സൗഹൃദമായിരുന്നു അദ്ദേഹവുമായുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘1970ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗങ്ങളായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മന്‍ചാണ്ടി ആദ്യം സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ക്കിങ്ങോട്ട് എന്നും ഈ സഭയിലെ അംഗമായിതന്നെ തുടര്‍ന്നു. കെ കരുണാകരനും എ കെ ആന്റണിയുമടക്കം പല കോണ്‍ഗ്രസ് നേതാക്കളും പാര്‍ലമെന്റംഗങ്ങളായും മറ്റും പോയിട്ടുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഈ സഭ വിട്ടുപോയതുമില്ല. കേരള ജനതയോടും കേരള നിയമസഭയോടും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തില്‍ കേന്ദ്രീകരിച്ചു തന്നെ പ്രവര്‍ത്തിക്കാനിഷ്ടപ്പെട്ടു. കേരളം വിട്ടുപോവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

എഴുപതുകളുടെ തുടക്കത്തില്‍ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെജിസ്ലേച്ചറിലും എക്സിക്യൂട്ടീവിലുമായി അവരില്‍ മറ്റാരേക്കാളും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉമ്മന്‍ചാണ്ടിക്കു ലഭിച്ചു. മൂന്നുവട്ടം മന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. മുഖ്യമന്ത്രിയായും അതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം, ശ്രദ്ധേയനായ നിയമസഭാ സാമാജികനും.

ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതല്‍ക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. അക്കാലയളവില്‍ ഉടനീളം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമായ വിധം ഇടപെട്ടിട്ടുണ്ട് ഉമ്മന്‍ചാണ്ടി. ഇളം പ്രായത്തിലേ പൊതുരംഗത്തേക്കു കടന്നുവന്നയാളാണ് അദ്ദേഹം. ബാലജനസഖ്യത്തിലൂടെ, കെ എസ് യുവിലൂടെ കടന്നുവന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പൊതുരംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു.

 

രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ല. 2016 ല്‍ മുഖ്യമന്ത്രിയാകണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നിശ്ചയിച്ചതിനെ തുടര്‍ന്ന് ഞാന്‍ ആദ്യം പോയി സന്ദര്‍ശിച്ചത് അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. രണ്ടു തവണ ഈ സഭയുടെ നാഥനായിരുന്ന അദ്ദേഹത്തില്‍ നിന്നും സഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളത്.

 

കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചത്. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്‍പിക്കാതെ ആരോഗ്യം പോലും നോക്കാതെ പൊതുമണ്ഡലത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്.

 

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച, നാലാം നിയമസഭ മുതല്‍ ഇപ്പോഴത്തെ പതിനഞ്ചാം നിയമസഭ വരെ തുടര്‍ച്ചയായി കേരള നിയമസഭയുടെ അംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു’, മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.