താനൂർ കസ്റ്റഡി മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടാൻ ഇന്ന് കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ


മലപ്പുറം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ കുടുംബം ഒരുങ്ങുന്നത്. ഇതിനിടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരാന്‍ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്. നേരത്തെ താമിര്‍ ജിഫ്രിയുടെ കുടുംബത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറാത്തത് വിവാദമായിരുന്നു. റിപ്പോര്‍ട്ട് നല്‍കുന്നത് മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
രണ്ട് ദിവസം തുടര്‍ച്ചയായി സമീപിച്ചിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കഴിഞ്ഞ ദിവസം താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി പ്രതികരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയച്ചുവെന്നും ഹാരിസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഹാരിസ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും നിരാക്ഷേപ പത്രമില്ലാതെ റിപ്പോര്‍ട്ട് കൈമാറില്ലെന്നാണ് മറുപടി ലഭിച്ചത്. അതിനായി തിരൂര്‍ സബ്കലക്ടറെ സമീപിച്ചപ്പോള്‍ തന്റെ അധികാരപരിധിയില്‍ വരില്ലെന്ന് പറഞ്ഞ് സബ്കലക്ടര്‍ കൈമലര്‍ത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ മജിസ്ട്രേറ്റിനെ സമീപിക്കാന്‍ പറഞ്ഞതായും ഹാരിസ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് പൊലീസിനെതിരെയുള്ള ഗുരുതരമായ കണ്ടെത്തലുകളാണെന്നാണ് സൂചന. താമിറിന്റെ ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നാണായിരുന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഫൊറന്‍സിക് വിഭാഗത്തില്‍നിന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍, സബ് ഡിവിഷനല്‍ മജിസ്ട്രേട്ട്, പൊലീസ്, അന്വേഷണ സംഘം എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്. നിയമപ്രകാരം കുടുംബത്തിനും ലഭിക്കേണ്ട റിപ്പോര്‍ട്ടാണ് പല കാരണങ്ങള്‍ പറഞ്ഞ് കൈമാറാതിരിക്കുന്നത്.