മണിപ്പൂര്‍ പൊട്ടിത്തെറിയിലേയ്ക്ക്; ആയുധങ്ങള്‍ കൈക്കലാക്കി മെയ്‌തെയ് വിഭാഗം


ഇംഫാല്‍: ബിഷ്ണുപൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര കയ്യേറി മെയ്‌തെയ് വിഭാഗം ആയുധങ്ങള്‍ കവര്‍ന്നു. മുന്നൂറിലധികം തോക്കുകളാണ് ജനക്കൂട്ടം കവര്‍ന്നത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ജനക്കൂട്ടം കവര്‍ന്നത്. എകെ 47, ഇന്‍സാസ്, എംപി 3 റൈഫിള്‍സ് തുടങ്ങിയവ ജനക്കൂട്ടം കവര്‍ന്നു. 15,000 വെടിയുണ്ടകളും കൊള്ളയടിച്ചതായി റിപ്പോർട്ട്. അരകിലോമീറ്റര്‍ ദൂരം പ്രഹരശേഷിയുള്ള 7.62 എംഎംഎസ് എല്‍ആര്‍ 195 എണ്ണം ജനക്കൂട്ടം കവര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 124 ഹാന്‍ഡ് ഗ്രേനേഡുകളും അനവധി ബോംബുകളും ജനക്കൂട്ടം കവര്‍ന്നു.
വന്‍ തോതില്‍ ആയുധങ്ങള്‍ മെയ്‌തെയ് വിഭാഗത്തിന്റെ കൈവശം എത്തിച്ചേരുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധപ്പുര മെയ്‌തെയ് വിഭാഗം കൊള്ളയടിച്ചിരിക്കുന്നത്. ഇതിനിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 327 റൗണ്ട് ആകാശത്തേക്ക് വെടിവെച്ചെങ്കിലും ജനക്കൂട്ടം പിന്മാറിയില്ല. 20 കണ്ണീര്‍വാതക ഷെല്ലുകളും പൊലീസ് പ്രയോഗിച്ചു. സ്ത്രീകളടക്കം ആഞ്ഞൂറിലേറെ വരുന്ന സംഘമാണ് വാഹനങ്ങളുടെ അകമ്പടിയോടെ പൊലീസ് ക്യാമ്പിലേക്ക് ഇടിച്ചു കയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ മെയ്‌തെയ് വിഭാഗം ആയുധങ്ങള്‍ സംഭരിക്കുന്നത് സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാക്കുന്നുണ്ട്. ബിഷ്ണുപൂരിലും ബിജോയ്പൂരിലും ആയിരക്കണക്കിന് വരുന്ന മെയ്‌തെയ് ജനക്കൂട്ടമാണ് ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നത്. ഇംഫാല്‍-മോറെ ഹൈവേയില്‍ മൂവായിരത്തോളം വരുന്ന മെയ്‌തെയ് സംഘമാണ് ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നത്. ബിജോയ്പൂരില്‍ തമ്പടിച്ചിരിക്കുന്ന അക്രമകാരികളെ പിരിച്ചുവിടാന്‍ മണിപ്പൂര്‍ പൊലീസ് അസം റൈഫിള്‍സ് ബ്രിഗേഡിയന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്.
ഇരുവിഭാഗവും ബങ്കറുകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് മെയ്‌തെയ് വിഭാഗം വന്‍ തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിരിക്കുന്നത്. ഇംഫാല്‍ വെസ്റ്റ്-കാങ്‌പോക്പി, ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തികളിലാണ് ഇരുവിഭാഗങ്ങളും ബങ്കറുകള്‍ കേന്ദ്രീകരിച്ച് പോരാട്ടം തുടരുന്നത്. നേരത്തെ കുക്കി വിഭാഗത്തിന്റെ കൂട്ട ശവസംസ്‌കാരം തടയുന്നതിനായി എത്തിയ മെയ്‌തെയ് ജനക്കൂട്ടം അര്‍ദ്ധ സൈനിക വിഭാഗവുമായി ഏറ്റുമുട്ടിയിരുന്നു. കുക്കി ബങ്കറില്‍ നിന്ന് കഴിഞ്ഞ ദിവസം വെടിയേറ്റ് ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. മെയ്‌തെയ് വിഭാഗക്കാരനായ ഗ്രാമസംരക്ഷണ സോനംഗത്തിനും വെടിയേറ്റിരുന്നു.