കരിപ്പൂർ വിമാനത്താവളം; പ്രഖ്യാപനം വികസനത്തിന് വേഗം കൂട്ടുമെന്ന് പ്രതീക്ഷ


കരിപ്പൂർ :സ്ഥലം ഏറ്റെടുക്കുമ്പോൾ വീടുകൾ നഷ്ടപ്പെടുന്നവർക്കുള്ള ആശ്വാസ തുക ഉയർത്തി പ്രഖ്യാപനം വന്നതോടെ കോഴിക്കോട് വിമാനത്താവള വികസനത്തിന്റെ തുടർനടപടികൾ വേഗത്തിലാക്കാമെന്ന പ്രതീക്ഷയിൽ അധികൃതർ. മറ്റു നഷ്ടപരിഹാര പാക്കേജിനു പുറമേയാണ് ആശ്വാസതുക ലഭിക്കുക. റൺവേയുടെ സുരക്ഷാ മേഖല വികസിപ്പിക്കാൻ പതിനാലര ഏക്കർ ഏറ്റെടുത്തു നൽകണമെന്നാണു കേന്ദ്ര നിർദേശം. അല്ലെങ്കിൽ റൺവേയുടെ നീളം കുറച്ച് സുരക്ഷാമേഖല ദീർഘിപ്പിക്കുമെന്നും അറിയിച്ചിരുന്നു. ഇതേതുടർന്ന്, സെപ്റ്റംബർ 15നകം ഭൂമി കൈമാറാമെന്നു മുഖ്യമന്ത്രി വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
അതേസമയം, ഭൂമിയും വീടും നഷ്ടപ്പെടുന്നവരുമായി ചർച്ച നടത്താനും അവരുടെ ആശങ്ക പൂർണമായി പരിഹരിക്കാനും സർക്കാർ തയാറാകണമെന്നു സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. അടിസ്ഥാന വിലയെക്കുറിച്ചു മൗനം പാലിക്കുകയും സമാശ്വാസ ഫണ്ടിൽ വരുത്തിയ വർധന പർവതീകരിച്ചു കാണിക്കുകയുമാണു ചെയ്യുന്നതെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നതാണെന്നും അവർ കുറ്റപ്പെടുത്തി. പലതവണ വിമാനത്താവള വികസനത്തിനായി ഭൂമി നൽകിയവരാണു പ്രദേശവാസികൾ. അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതുണ്ടെന്നു ചെയർമാൻ ചുക്കാൻ ബിച്ചു, കൺവീനർ സി.ജാസിർ, ട്രഷറർ കെ.കെ.മുസക്കുട്ടി എന്നിവർ അറിയിച്ചു.
വികസന നടപടികൾ ത്വരിതപ്പെടുത്തും. സമദാനി
പരിസരവാസികളുടെ ആശങ്കകൾ ഒഴിവാക്കി അർഹമായ നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം വികസന നടപടികളെ ത്വരിതപ്പെടുത്തുമെന്നു വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി.അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. വിമാനത്താവള വികസനത്തിനായി വിവിധ ഘട്ടങ്ങളിലായി സ്ഥലം നൽകിയ പരിസരവാസികൾ വികസനത്തെ നിരന്തരം സഹായിച്ചുപോന്നവരാണ്. നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കാൻ നടപടി വേഗത്തിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ഥലമേറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾ ഏറെ മുന്നോട്ടു പോയിരിക്കുകയാണെന്നും റൺവേ വെട്ടിച്ചുരുക്കുന്ന നടപടി റദ്ദാക്കണമെന്നും മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നേരിട്ടു കണ്ട് അറിയിച്ചിരുന്നു. വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വലിയ വിമാന സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനങ്ങൾക്കായി പ്രയത്നം തുടരുമെന്നും സമദാനി അറിയിച്ചു.
സർക്കാർ തീരുമാനം ആശ്വാസകരം: ടി.വി.ഇബ്രാഹിം
വീട് നഷ്ടപ്പെടുന്നവർക്കു പ്രത്യേക പാക്കേജ് അനുവദിച്ച തീരുമാനം ആശ്വാസകരമാണെന്നു ടി.വി.ഇബ്രാഹിം എംഎൽഎ. നേരത്തേ വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരമായി ചതുരശ്ര അടിക്ക് നൽകുന്ന നിശ്ചിത നഷ്ടപരിഹാര തുകയ്ക്കു പുറമേ നൽകുന്ന തുക 4.6 ലക്ഷം രൂപയായിരുന്നു. ഇതിനു പുറമേ, 10 ലക്ഷം രൂപകൂടി നൽകണമെന്നാണു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 4.6 ലക്ഷം രൂപയടക്കം 10 ലക്ഷം രൂപയായി നിജപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്. കെട്ടിടങ്ങളുടെ നഷ്ടപരിഹാരവും ഭൂമിയുടെയും അതിലെ കൃഷി, വൃക്ഷങ്ങൾ തുടങ്ങിയവയ്ക്കുമെല്ലാം മാന്യമായ തുക ലഭിക്കും എന്നാണ് വിശ്വസിക്കുന്നതെന്നും എംഎൽഎ പറഞ്ഞു
തീരുമാനം അഭിനന്ദനാർഹം: സിപിഎം
• വിമാനത്താവളത്തിനു വേണ്ടി സ്ഥലം വിട്ടുനൽകുന്നവർക്ക് സ്പെഷൽ പാക്കേജ് അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി. വിമാനത്താവളം സംരക്ഷിക്കാനുള്ള സർക്കാരിന്റെ മികച്ച ഇടപെടൽ കൂടിയാണിത്. വിമാനത്താവള വികസനത്തിനുവേണ്ടി മുഖ്യമന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും പലതവണ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നത് തടസ്സപ്പെടുത്താൻ നിരന്തര ശ്രമമുണ്ടായതായും ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു.