കരിപ്പൂർ വിമാനത്താവളം: ആഭ്യന്തര കാർഗോ ഉടൻ, സ്ഥല പരിശോധന ഒരാഴ്ചയ്ക്കുള്ളിലെന്ന് എയർപോർട്ട് ഡയറക്ടർ


കരിപ്പൂർ : ആഭ്യന്തര കാർഗോ നടപടി വേഗത്തിലാക്കുമെന്നും അതിനായി ഒരാഴ്ചയ്ക്കുള്ളിൽ വിദഗ്ധ സമിതി സ്ഥലം കണ്ടെത്തുമെന്നും എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും പഴം-പച്ചക്കറി രാജ്യാന്തര കയറ്റുമതിയിൽ രാജ്യത്തുതന്നെ മുൻനിരയിലാണ് കരിപ്പൂർ വിമാനത്താവളം.
എന്നാൽ, രാജ്യത്തിനകത്ത് സാധനങ്ങൾ അയയ്ക്കാൻ ഡൊമസ്റ്റിക് കാർഗോ സേവനം നിലവിൽ കോഴിക്കോട് വിമാനത്താവളത്തിൽ ഇല്ല. ഇതുമൂലം രാജ്യത്തിനകത്തെ വിമാനത്താവളങ്ങളിലേക്ക് ജീവൻരക്ഷാ മരുന്നുകളും ലാബ് ടെസ്റ്റിനുള്ള സാംപിളുകളും അയയ്ക്കാൻ സാധിക്കാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. മാത്രമല്ല, പല വസ്തുക്കളും വേഗത്തിൽ ലഭ്യമാക്കാൻ ആഭ്യന്തര കാർഗോ ഏറെ പ്രയോജനപ്പെടും. ആഭ്യന്തര കാർഗോ ആരംഭിക്കാൻ വിമാനത്താവളത്തിൽ പ്രത്യേക ടെർമിനൽ സൗകര്യം ഒരുക്കണം.
അതിനു സ്ഥലം കണ്ടെത്താനായി വിദഗ്ധ സമിതി ഒരാഴ്ചയ്ക്കുള്ളിൽ എത്തും. തുടർന്ന് രൂപരേഖ തയാറാക്കി വേഗത്തിൽ ആഭ്യന്തര ടെർമിനൽ ഒരുക്കുമെന്നും പരമാവധി വേഗത്തിൽ ആഭ്യന്തര കാർഗോ ആരംഭിക്കാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എയർപോർട്ട് ഡയറക്ടർ പറഞ്ഞു. രാജ്യാന്തര കാർഗോ വിപുലപ്പെടുത്താൻ കൂടുതൽ വിമാന സർവീസുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സാധ്യമായതെല്ലാം ചെയ്യും.