മണിപ്പൂർ വിഷയം; ‘ഇന്ത്യ’ സഖ്യം എംപിമാർ നാളെ രാഷ്ട്രപതിയെ കാണും


ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ‘ഇന്ത്യ’ സഖ്യം എംപിമാർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണും. നാളെ രാവിലെ 11.30-ന് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് എംപിമാർ രാഷ്‌ട്രപതിയെ കാണുന്നത്. മണിപ്പൂരുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാളെ രാഷ്ട്രപതിക്ക് കൈമാറും. മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് ലോക്‌സഭയിലും രാജ്യസഭയിലും സമഗ്രമായ ചർച്ചവേണമെന്നും പ്രധാനമന്ത്രി പ്രതികരിക്കണമെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
ബിജെപി ഭരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇപ്പോഴും അക്രമം തുടരുകയാണെന്നും നിരവധിപ്പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ ഇടപെടൽ അഭ്യർത്ഥിക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം. 21 പ്രതിപക്ഷ എംപിമാരുടെ സംഘം മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചിരുന്നു.
അതേസമയം, മണിപ്പൂരില്‍ നിയമവാഴ്ചയില്ലെന്നും ഭരണകൂടം നിശ്ചലമായെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ഇതുകൊണ്ടാണ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതെന്നും കോടതി ചൂണ്ടിക്കാണിച്ചു. മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.