ഓരോ മൂന്ന് മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്നു; കോൺഗ്രസ് യുപിയെ വെളളപൂശുകയാണെന്നും മന്ത്രി റിയാസ്


കൊച്ചി: കേരളവും യുപിയും ഒരുപോലെയാണെന്ന് പറയുന്നവർ ഉത്തർപ്രദേശിനെ വെളളപൂശുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. യുപിയിൽ ഓരോ മൂന്ന് മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്നുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ആധികാരികമായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ പതിനായിരത്തിലധികം പൊലീസ് ഏറ്റുമുട്ടലുകളാണ് നടന്നത്. 183 പേരാണ് അതില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ അങ്ങനെയാണോ എന്നും മന്ത്രി ചോദിച്ചു.
ആലുവയിലെ കുട്ടിയുടെ മരണം വളരെ വേദനയുണ്ടാക്കുന്നതാണ്. അതിനെ രാഷ്ട്രീയമായി സര്‍ക്കാരിനെതിരെ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം നീചമായ പ്രവര്‍ത്തിയാണ് ചെയ്യുന്നത്. യുപിയും കേരളവും ഒരുപോലെയാണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ യുപിയെ വെളളപൂശാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ അങ്ങനെ എന്തെങ്കിലും നടക്കുകയാണെങ്കില്‍ സര്‍ക്കാരും പൊലീസും ഇടപെട്ട് പരിഹരിക്കുകയാണ് ചെയ്യാറുളളത്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ കുറിച്ച് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്ക് എന്താണ് പറയാനുളളതെന്നും മന്ത്രി ചോദിച്ചു.
ബിജെപി നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും എന്ത് വൃത്തികേടും ചെയ്യാം എന്ന നിലയിലാണ്. ഇന്ത്യയില്‍ എവിടെയുമില്ലാത്ത ഫാസിസ്റ്റ് പ്രവണതകള്‍ അവിടെ ഉണ്ട്. നീതിക്ക് വേണ്ടി നിലകൊണ്ട ഡസനിലധികം മാധ്യമ പ്രവര്‍ത്തകരെയാണ് യുപിയില്‍ തല്ലിക്കൊന്നത്. ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.