രണ്ടാഴ്ചമുമ്പ് വിവാഹപ്പന്തല്‍ കെട്ടിയ അതേ മുറ്റത്ത് മരണപ്പന്തല്‍; അവര്‍ ഒരേ മണ്ണിലുറങ്ങി


കടയ്ക്കല്‍: സങ്കടക്കടല്‍ സാക്ഷിയായി അവര്‍ ഒരേ മണ്ണിലുറങ്ങി. കഴിഞ്ഞദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖി(27)ന്റെയും നൗഫിയ(20)യുടെയും മൃതദേഹങ്ങള്‍ കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് കബറടക്കി.
കുമ്മിള്‍ ചോനാമുകളില്‍ പുത്തന്‍വീട്ടില്‍ വിവാഹപ്പന്തല്‍ അഴിച്ചെങ്കിലും ആഘോഷങ്ങള്‍ അവസാനിച്ചിരുന്നില്ല. രണ്ടാഴ്ചമുമ്പ് കെട്ടിയ വിവാഹപ്പന്തലിന്റെ സ്ഥാനത്ത് മരണപ്പന്തല്‍ ഉയര്‍ന്നപ്പോള്‍ നാടാകെ വിതുമ്പി.പരേതനായ ഇസ്ഹാക്കിന്റെയും ഹയറുന്നിസയുടെയും മൂത്തമകന്‍ സിദ്ധീഖിന്റെ വിവാഹം നടന്നിട്ട് ദിവസങ്ങള്‍മാത്രമേ ആയുള്ളൂ.
ആയൂര്‍ അര്‍ക്കന്നൂര്‍ കാവതിയോട് പച്ചയില്‍വീട്ടില്‍ നൗഷാദിന്റെയും നസീമയുടെയും മകളാണ് നൗഫിയ. വിവാഹാനന്തരം ബന്ധുവീടു സന്ദര്‍ശനത്തിനിടെയാണ് അപകടമുണ്ടായത്.മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന സിദ്ധിഖ് തന്റെയും സഹോദരന്‍ സാദിഖിന്റെയും വിവാഹത്തോടനുബന്ധിച്ച് ഒന്നരമാസംമുമ്പാണ് നാട്ടില്‍ വന്നത്. സാദിഖിന്റെ വിവാഹം ഒരുമാസംമുമ്പായിരുന്നു.
സഹോദരന്റെ വിവാഹശേഷമായിരുന്നു സിദ്ധിഖിന്റെ വിവാഹം. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങള്‍നൗഫിയയുടെ വീട്ടില്‍ കൊണ്ടുവന്നശേഷമാണ് കിഴുനിലയിലെ സിദ്ധിഖിന്റെ വീട്ടിലെത്തിച്ചത്.