അപമാനഭാരം കൊണ്ട് കേരളം തലകുനിക്കേണ്ട അവസ്ഥ, പൊലീസിനെ പൊലീസാക്കണം: പിഎംഎ സലാം


കൊച്ചി: അപമാനഭാരം കൊണ്ട് കേരളം തലകുനിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്ന് മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ പിഎംഎ സലാം. പൊലീസ് സംവിധാനത്തിന്റെ കുത്തഴിഞ്ഞ പോക്കിന് ഉദാഹരണമാണ് ദിവസേനയുണ്ടാകുന്ന അക്രമസംഭവങ്ങളെന്നും കൊടുംകുറ്റവാളികള്‍ സംസ്ഥാനത്ത് വിഹരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന തായ്ക്കാട്ടുകരയിലെ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.
‘നിരന്തരമായി കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നു. നൂറ് ശതമാനം സാക്ഷരരാണെന്നൊക്കെ പറയുമ്പോഴും ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ ദിവസേനയെന്നോണം നടന്നുവരികയാണ്. പൊലീസ് സംവിധാനം ദയനീയ പരാജയമായി മാറിയിരിക്കുകയാണ്. കുറ്റാന്വേഷണ വിഭാഗം യാതൊരു കഴിവുമില്ലാത്ത വിഭാഗമായി മാറിയിരിക്കുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയൊക്കെ പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. അവരുടെ സര്‍വീസ് കാലയളവില്‍ നടന്ന കൊള്ളരുതായ്മകള്‍ ഇപ്പോഴാണ് വിളിച്ചുപറയുന്നത്. കേരളത്തില്‍ ഇതൊക്കെ നടക്കുന്നു എന്നത് പൊലീസ് സംവിധാനത്തിന്റെ കുത്തഴിഞ്ഞ പോക്കിന് ഉദാഹരണമാണ്.
ഒരു കുട്ടിയെ കാണാതായ 20 മണിക്കൂര്‍ കഴിഞ്ഞ്, നാട്ടുകാര്‍ കാണിച്ചുകൊടുത്തിട്ടാണ് പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. നേരത്തെ ശ്രമിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയുമില്ല. കൊടുംകുറ്റവാളികള്‍ സംസ്ഥാനത്ത് വിഹരിക്കുകയാണ്. അതിഥി തൊഴിലാളികള്‍ വന്നതോട് കൂടി കുറ്റകൃത്യങ്ങള്‍ കൂടിയിട്ടുണ്ട്. ഇതിന് പ്രധാന കാരണം ലഹരിയാണ്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അടച്ചുപൂട്ടപ്പെട്ട ബാറുകളും ബിവറേജസുകളും തുറന്ന് ജനങ്ങളെ ലഹരിക്ക് അടിമപ്പെടുത്താന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുകയാണ്. ഖജനാവിലേക്ക് പണമുണ്ടാക്കാന്‍ ലഹരി തുറന്ന് വിടുകയാണ്.
“ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണു തുറന്ന് പൊലീസിനെ പൊലീസാക്കണം. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പാക്കി പൊലീസിനെ നിലനിര്‍ത്തണം. അതിന് മുഖ്യമന്ത്രിക്ക് കഴിവും സൗകര്യവുമില്ലെങ്കില്‍ മറ്റാരെയെങ്കിലും ഏല്‍പ്പിച്ചിട്ട് കേരള ജനതയെ രക്ഷിക്കണം”- പിഎംഎ സലാം വിമര്‍ശിച്ചു.