മുസ്‍ലിം ലീഗ് എന്‍.ഡി.എ യിലേക്ക് വരാന്‍ തയ്യാറായാല്‍ സ്വീകരിക്കു മെന്ന് ശോഭ സുരേന്ദ്രൻ


മുസ്‍ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. മുസ്‍ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്‍ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിൽ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്‍ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക് കൊണ്ടുവരുകയെന്നതാണ് ബി.ജെ.പിയുടെ ശ്രമം. അപ്പോള്‍ ലീഗ് വരാന്‍ തയ്യാറായാല്‍ അവര്‍ ദേശീയത ഉള്‍ക്കൊണ്ടുകൊണ്ടാവുമല്ലോ വരികയെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ, മുസ്‍ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും കശ്മീരില്‍ ബി.ജെ.പി. അവിടുത്തെ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ഇത്തവണ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ഏഴ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച താന്‍ സന്തോഷത്തോടെയാണ് തീരുമാനം അറിയിച്ചതെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞ എട്ടരമാസം പൊതുരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും വീട്ടിലിരുന്നും മോദിജി നിർദേശിച്ചതുപ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.