എട്ടോളം വീട്ടുകാർ റോഡിന് വേണ്ടി കാത്തിരിക്കുന്നു; അനുമതി നീളുന്നു

കൂട്ടിലങ്ങാടി എംഎസ്പി മൈതാനത്തിന്റെ വടക്ക് ഭാഗത്ത് റോഡിനായി വിട്ടുകൊടുക്കേണ്ട സ്ഥലം

മലപ്പുറം • കുട്ടമണ്ണയിൽ എട്ടോളം വീട്ടുകാരുടെ റോഡിന് വേണ്ടിയുള്ള കാത്തിരിപ്പ് ചുവപ്പു നാടയിൽ കുരുങ്ങി നീളുന്നു. കൂട്ടിലങ്ങാടിയിൽ എംഎസ്പിയുടെ ഉടമസ്ഥതയിലുള്ള 5 സെന്റ് ഭൂമി ഗതാഗത സൗകര്യമൊരുക്കാനായി നഗരസഭയ്ക്ക് വിട്ടു നൽകാൻ 2019ൽ സർക്കാർ ഉത്തരവിറങ്ങിയത്. കൂട്ടിലങ്ങാടി എംഎസ്പി മൈതാനത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലായി 2.5 സെന്റ് ഭൂമി വീതമാണ് നാട്ടുകാരുടെ അപേക്ഷ പ്രകാരം എംഎസ്പി വിട്ടു നൽകാൻ തീരുമാനിച്ചത്. കിഴക്ക് ഭാഗത്ത് വിട്ടു നൽകിയ ഭൂമി ഈ വർഷം ആദ്യം ഗതാഗത യോഗ്യമാക്കി ഉദ്ഘാടനം കഴിഞ്ഞു. എന്നാൽ, വടക്ക് ഭാഗത്ത് വിട്ടു കൊടുക്കാൻ തീരുമാനിച്ച ഭൂമിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല
ഭൂമി വിട്ടു നൽകാൻ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി കൂടിയ മിനിറ്റ്സ് സഹിതം ശുപാർശ നൽകണമെന്നാണ് അധികൃതർ പറയുന്നത്. വടക്ക് ഭാഗത്ത് നേരത്തെ തയാറാക്കിയിരുന്ന അലൈൻമെന്റിൽ ചെറിയ മാറ്റം വേണമെന്ന ആവശ്യം താമസക്കാർ ഉന്നയിച്ചിരുന്നു. ഇവർ ആവശ്യപ്പെട്ട അലൈൻമെന്റ് പ്രകാരം 2.4 സെന്റ് ഭൂമി എംഎസ്പി വിട്ടു നൽകിയാൽ മതി ഇത് കൊണ്ട് സർക്കാരിനു നഷ്ടമുണ്ടാകില്ലെന്നും ആവശ്യം പരിഗണിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടി എംഎസ്പി കമൻഡാന്റ് കഴിഞ്ഞ ഡിസംബറിൽ ഡിജിപിയെ അറിയിച്ചിരുന്നു. പിന്നീട് നടപടിയൊന്നുമുണ്ടായില്ല. കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനായി സർക്കാർ പ്രഖ്യാപിച്ച കരുതലും കൈത്താങ്ങും പരിപാടിയിൽ പ്രദേശവാസികൾ ഇക്കാര്യം ഉന്നയിച്ചിരുന്നു.
ഇതിനാണ്, ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ യോഗത്തിന്റെ മിനിറ്റ്സ് സഹിതം ശുപാർശ സമർപ്പിക്കണമെന്ന് കലക്ടർ അറിയിച്ചത്. നല്ല മഴ പെയ്താൽ പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശമാണിത്. ഗതാഗതയോഗ്യമായ വഴിയില്ലാത്തതിനാൽ വെള്ളം കയറുന്ന സമയത്ത് ആളെ ഒഴിപ്പിക്കാനും സാധനങ്ങൾ മാറ്റാനും വാഹനം എത്തിക്കാനാകുന്നില്ല. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാനും മാർഗമില്ല. പരിഹാരമായില്ലെങ്കിൽ മനുഷ്യാവകാശ കമ്മിഷനുൾപ്പെടെയുള്ള സംവിധാനങ്ങളെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.