മണിപ്പൂരില്‍ സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്ന ബസിന് തീവെച്ച് ജനക്കൂട്ടം


ഇംഫാല്‍: സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ബസുകള്‍ ജനക്കൂട്ടം തീയിട്ടു. മണിപ്പൂരിലെ കാങ്പോപി ജില്ലയിലാണ് സംഭവം. ദിമാപൂരില്‍ നിന്ന് വന്ന ബസാണ് സപോര്‍മിനയില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരം ആള്‍ക്കൂട്ടം തീവെച്ചത്.
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗമാണ് ബസ് തടഞ്ഞത്. മണിപ്പൂര്‍ രജിസ്‌ട്രേഷനുള്ള ബസുകള്‍ തടഞ്ഞുനിര്‍ത്തി മറ്റു വിഭാഗങ്ങളിലുള്ള ആളുകള്‍ ബസിലുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 160ലേറെ ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മെയ് മൂന്നിന് നടന്ന ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് ശേഷമാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പദവിക്കായുള്ള മെയ്‌തെയ് വിഭാഗത്തിന്റെ ആവശ്യമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചത്. മണിപ്പൂര്‍ ജനതയുടെ 53%ത്തോളം വരുന്ന വിഭാഗമാണ് മെയ്‌തെയ്.