പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; 97 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു, കൂടുതൽ മലപ്പുറത്ത്
1 min read

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ താൽകാലികമായി അനുവദിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, മലപ്പുറം ജില്ലയിലാണ് കൂടുതൽ താൽക്കാലിക ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. 53 താൽക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചിരിക്കുന്നത്. മലബാറിൽ 15,784 സീറ്റുകൾ കൂടി ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. 4,64,147 പേർ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാർത്ഥികൾ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി.
മലപ്പുറം 53, പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4, കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശ്നം ഉണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കും. മലപ്പുറത്ത് അൺ എയ്ഡഡ് സ്കൂൾ ഏറ്റവും അധികം അനുവദിച്ചത് യുഡിഎഫാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സർക്കാർ, എയ്ഡഡ് മെരിറ്റ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വിഎച്ച്എസ്ഇ -33,030, അൺ എയ്ഡഡ് -54,585ഉം ആണ്. ആകെ സീറ്റുകളുടെ എണ്ണം 4,58,025 ആണ്. രണ്ടാം സപ്ലിമെന്ററി ആലോട്ട്മെന്റ് പൂർത്തിയാക്കിയപ്പോൾ മെരിറ്റ് ക്വാട്ടയിൽ 2,92,624 പേരും സ്പോർട്സ് ക്വാട്ടയിൽ 3930 പേരും മാനേജ്മെന്റ് ക്വാട്ടയിൽ 33,854 പേരും അൺ എയ്ഡഡ് ക്വാട്ടയിൽ 25,585 പേരും ഉൾപ്പെടെ 3,76,590 പേർ പ്ലസ് വൺ പ്രവേശനം നേടി. വിഎച്ച്എസ്ഇയിൽ 27134 പേരും പ്രവേശനം നേടി.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം പാലക്കാട്-3088, കോഴിക്കോട്-2217, മലപ്പുറം-8338, വയനാട്-116, കണ്ണൂർ-949, കാസർഗോഡ്- 1076 പേർ അടക്കം മലബാർ മേഖലയിൽ 15,784 പേർ പ്രവേശനത്തിനായി കാത്തിരിക്കുന്നു.