മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.


തിരൂരങ്ങാടി (മമ്പുറം): ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും തീര്‍ത്ഥാടക നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 185-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.
ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 185 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്.
നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക്ക് ദീര്‍ഘദൂരം വരിനില്‍ക്കേണ്ടി വന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടിയിലെയും സമീപ സ്റ്റേഷനുകളിലേയും ഇരുനൂറോളം നിയമപാലകരും വിഖായ വളണ്ടിയര്‍മാരും പ്രദേശവാസികളും ദാറുല്‍ഹുദാ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പൊതികള്‍ വിതരണം ചെയ്തു.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച അന്നദാനം ഉച്ചക്ക് ശേഷവും തുടര്‍ന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എപി ഉണ്ണികൃഷ്ണന് ആദ്യ പാക്കറ്റ് നല്‍കി അന്നദാനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍.എ അധ്യക്ഷനായി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, യു. ശാഫി ഹാജി ചെമ്മാട്, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ടി കെ ആശിഫ് ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ പി ശംസുദ്ദീന്‍ ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹിം ഹാജി തയ്യിലക്കടവ്,ചാലില്‍ കെ എം ബശീര്‍, വി പി കോയക്കുട്ടി തങ്ങള്‍ മമ്പുറം, കെ സലീം, പി ടി അഹ്‌മദ്, എ.കെ മൊയ്തീന്‍ കുട്ടി, ചാലില്‍ സിദ്ദീഖ്, കെ.എം മശ്ഹൂദ്, കെ എം അബ്ദുഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് മഖാമില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സോടെയാണ് നേര്‍ച്ച ഔദ്യോഗികമായി സമാപിച്ചത്.
സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, കെ എം സൈദലവി ഹാജി പുലിക്കോട്, സി യൂസുഫ് ഫൈസി മേല്‍മുറി, ഇ കെ ഹസ്സന്‍ കുട്ടി ബാഖവി കിഴിശ്ശേരി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഇബ്‌റാഹിം ഫൈസി തരിശ്, കെ സി മുഹമ്മദ് ബാഖവി കിഴിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജൂലൈ 19 ന് സയ്യിദ് അഹ്‌മദ് ജിഫ്രി മമ്പുറം കൊടികയറ്റം നടത്തിയതോടെ ആരംഭിച്ച നേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ്ലിസ്, ഇശ്ഖ് മജ്‌ലിസ്, മതപ്രഭാഷണങ്ങള്‍, സെമിനാര്‍, അനുസ്മരണ ദിക്‌റ് ദുആ സദസ്സ് തുടങ്ങിയ വിവിധയിനം പരിപാടികളാണ് ഒരാഴ്ചക്കാലം മമ്പുറം മഖാമില്‍ നടന്നത്.