NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമേഠിക്ക് പിന്നാലെ റായ്ബറേലിയിലും കണ്ണുനട്ട് ബിജെപി; നോക്കാമെന്ന് കോണ്‍ഗ്രസ്

അമേഠി: സോണിയാ ഗാന്ധിയുടെ സിറ്റിംഗ് സീറ്റ് റായ്ബറേലിയില്‍ കണ്ണുവെച്ച് ബിജെപി. അമേഠിക്ക് പിന്നാലെയാണ് റായ്ബറേലി ബിജെപി ലക്ഷ്യം വെക്കുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി മണ്ഡലത്തില്‍ ആരംഭിച്ചുവെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായ അമേഠി 2019 ല്‍ സ്മൃതി ഇറാനിയിലൂടെയാണ് ബിജെപി പിടിച്ചെടുത്തത്. ഇത്തവണ റായ്ബറേലിയിലും ബിജെപി വിജയിക്കുമെന്ന് മണ്ഡലം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. 2022 ല്‍ മണ്ഡലം സന്ദര്‍ശിച്ചപ്പോഴും തോമര്‍ ഇതേ കാര്യം പറഞ്ഞിരുന്നു.

അതേസമയം റായ്ബറേലിയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലും സോണിയയിലും വിശ്വാസം ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തിയില്ലെങ്കില്‍ പോലും വിജയിക്കുമെന്ന് റായ് ബറേലി ഡിസിസി പ്രസിഡന്റ് പങ്കജ് തിവാരി പ്രതികരിച്ചു. നിലവിലെ അയോഗ്യത കേസില്‍ രാഹുല്‍ കുറ്റവിമുക്തമാവുകയാണെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ അമേഠിയില്‍ നിന്നും മത്സരിക്കുമെന്ന് തിവാരി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന വിശ്വാസവും തിവാരി പങ്കുവെച്ചു. അമേഠിയില്‍ ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ പ്രിയങ്കാ ഗാന്ധി വരട്ടെ എന്ന ആവശ്യമാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്. എന്നാല്‍ സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്നും റായ്ബറേലി സീറ്റില്‍ നിന്നും പ്രിയങ്ക ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രിയങ്ക അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ ജനവിധി തേടിയേക്കും.

‘എഐസിസി പുനഃസംഘടനയില്‍ പ്രിയങ്ക ഗാന്ധിക്ക് പുതിയ ചുമതല ലഭിച്ചേക്കും. ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരായ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഓഗസ്റ്റ് നാലിന് പരിഗണിക്കുകയാണ്. കാത്തിരുന്ന് കാണാം. അത് കഴിഞ്ഞ് ബാക്കി പദ്ധതികള്‍ തീരുമാനിക്കും.’ എന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.

 

Leave a Reply

Your email address will not be published.