NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവ്; കെപിസിസി വേദിയില്‍ പിണറായി വിജയന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാദ്യമായാണ് കെപിസിസിയുടെ ഒരു പരിപാടിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫ് മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു.

 

പിണറായി വിജയന്റെ വാക്കുകള്‍;

 

വിദ്യാര്‍ത്ഥി ജീവിതം മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. അവിടം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളായി മാറുകയായിരുന്നു അദ്ദേഹം. ആദ്യമായി നിയമസഭയിലേക്ക് വന്ന ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം 53 വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരുന്നു. ആ കാലത്ത് തന്നെ നിയമസഭാ പ്രവര്‍ത്തനം ആരംഭിച്ച ആളാണ് ഞാന്‍. ഞങ്ങള്‍ ഒന്നിച്ചാണ് സഭാ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഇടയ്ക്കിടെ നിന്നുപോയി. അപ്പോഴും പൊതുരംഗത്ത് സജീവമായി നിന്ന ആളാണ് ഉമ്മന്‍ചാണ്ടി.

 

കേരളത്തിലെ പ്രധാനപ്പെട്ട നിരവധി വകുപ്പുകള്‍ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തിരുന്നു ഉമ്മന്‍ചാണ്ടി. ആ വിപുലമായ അനുഭവ പരിജ്ഞാനം രണ്ട് തവണ മുഖ്യമന്ത്രിയായ ഘട്ടത്തില്‍ അദ്ദേഹത്തിന് ശക്തിപകര്‍ന്നു. ഈ ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം പ്രാധാന്യം കൊടുത്തു ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ അദ്ദേഹത്തിനുണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകത തന്നെയായിരുന്നു. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായും ഉമ്മന്‍ചാണ്ടി മാറി. അതിലെല്ലാം പ്രത്യേക നേതൃപാടവം അദ്ദേഹം പ്രകടിപ്പിച്ചു.

 

അവസാന കാലത്ത് രോഗം വേട്ടയാടിയെങ്കിലും ഒരു ഘട്ടത്തിലും തളരാതെ തന്റെ കര്‍ത്തവ്യം കൃത്യമായി നിറവേറ്റി. ഒരുസമയത്ത് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ ഞാന്‍ വിളിച്ചിരുന്നു. നല്ല വിശ്രമം വേണെന്നും അദ്ദേഹം അതിന് തയ്യാറാകുമോ എന്നറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വാക്കുകള്‍. വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ലായിരുന്നു. അസുഖ കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിയെ എങ്ങനെയൊക്കെ ശക്തിപ്പെടുത്താമെന്നതിനാണ് അദ്ദേഹം പ്രാമുഖ്യം കൊടുത്തത്. അതികഠിന രോഗാവസ്ഥയിലും അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും നികത്താനാകാത്ത കനത്ത നഷ്ടമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *