NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘തുടക്കം മുതൽ ഹർഷിനക്കൊപ്പം’; നീതി ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

1 min read

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയ്ക്ക് നീതി ലഭിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ തുടക്കം മുതൽ ഹർഷിനയ്ക്കൊപ്പമാണ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണം എന്നാണ് സർക്കാർ നിലപാട്. നിയമ നടപടികളിൽക്കൂടിത്തന്നെ ഹർഷിനയ്ക്ക് നീതി ലഭിക്കണം. രണ്ട് അന്വേഷണങ്ങളും തൃപ്തികരമാകാത്തതുകൊണ്ട് പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് ആരോഗ്യവകുപ്പാണെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെക്കുറിച്ച് പൊലീസ് റിപ്പോർട്ട്‌ വന്നതിനു ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി. ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെയെന്ന് ഇന്ന് പുറത്തുവന്ന പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനായിരുന്നു അന്വേഷണ ചുമതല. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസില്‍ തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം എന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

എത്ര മൂടി വെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്ന് ഹർഷിന പ്രതികരിച്ചു. പറയുന്നതിൽ കളവില്ല എന്ന് ഉറപ്പാണ്. പൂർണമായ നീതി ലഭിക്കും വരെ പോരാടും. സത്യം പുറത്ത് വന്നതിനാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. വാക്ക് തന്നവർ അത് പാലിക്കണം. സർക്കാർ വാ​ഗ്ദാനം ചെയ്ത നഷ്ടപരിഹാരം വളരെ കുറവാണെന്ന് എല്ലാവർക്കും മനസിലാകും. റിസ്ക് എടുത്താണ് സമരം ചെയ്യുന്നത്. വയറ്റിൽ കത്രികയുമായി അഞ്ച് വർഷമാണ് ദുരിതജീവിതം അനുഭവിച്ചത്. ഡോക്ടർമാർ മനപൂർവ്വം ചെയ്തതാവില്ല. പക്ഷെ ഇത്രയും വലിയ അശ്രദ്ധ കാണിച്ചിട്ടും അത് തിരുത്താൻ അവർ തയ്യാറായില്ലെന്നും പത്ത് മാസത്തോളമാണ് താൻ വീണ്ടും വേദന സഹിച്ചതെന്നും ഹർഷിന പറഞ്ഞു.

കത്രിക കണ്ടെത്തിയതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയിരുന്നു. സർക്കാർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും അന്വേഷണം ഉറപ്പ് നൽകുകയും ചെയ്തതോടെ ഹർഷിന സമരം അവസാനിപ്പിക്കുകയായിരുന്നു. താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവശസ്ത്രക്രിയ. മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു. ഈ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്.

Leave a Reply

Your email address will not be published.