NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘കോൺഗ്രസിന് ഭയം, സുധാകരന്റെ വാദം അരാഷ്ട്രീയം’; ഇ പി ജയരാജൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ സഹതാപതരംഗം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ സുധാകരന്റെ വാദം അരാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് വ്യക്തിപരമായ കാര്യമല്ല. കോൺഗ്രസ് ഇപ്പോൾ പ്രകടിപ്പിക്കുന്ന വികാരമുണ്ടാകുന്നത് ഭയത്തിൽ നിന്നാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഭയമാണ് കോൺഗ്രസിനെ നയിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയം അവർക്കിടയിൽ വലിയ പ്രശ്നമായിട്ടുണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ അനവസരത്തിലിങ്ങനെ പ്രസ്താവന നടത്തേണ്ട കാര്യമില്ല. ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തൽ അവർക്കത്ര എളുപ്പമല്ല. അവർക്ക് രാഷ്ട്രീയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഭയമാണെന്നും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു.

വ്യക്തിഗതമായ വികാരങ്ങളുണ്ടാക്കി ഇന്നത്തെ രാഷ്ട്രീയ സമൂഹത്തിൽ വികാരം സൃഷ്ടിച്ചുകൊണ്ടോ പ്രചാരണങ്ങൾ സൃഷ്ടിച്ചുകൊണ്ടോ ഒരു തിരഞ്ഞെടുപ്പ് മത്സരത്തിൽ കടന്നുവരാൻ കോൺഗ്രസിനാവില്ല. സഹതാപ തരംഗത്തിലൂടെ കോൺഗ്രസ് രക്ഷപ്പെട്ടിട്ടുണ്ട്. അവരുടെ വഴി ജനക്ഷേമപരമായ പ്രവർത്തനങ്ങളും മുദ്രാവാക്യങ്ങളുമല്ല, സഹതാപമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. അതിലൂടെ കടന്നുവരാനാകുമോ എന്നാണവർ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലാം മനസിലാക്കാൻ കഴിയുന്നവരാണ് ജനങ്ങളെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

മന്ത്രിസ്ഥാനത്തേക്ക് വരാൻ തയാറെടുക്കുന്നുവെന്ന വാർത്തയോടും ഇ പി ജയരാജൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല. മത്സരിക്കേണ്ട കാലമൊക്കെ കഴിഞ്ഞു. പ്രാപ്തരായ ചെറുപ്പക്കാർ വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.