വിലക്കയറ്റം തടയാനൊരുങ്ങി ജില്ലാ ഭരണകൂടം; വിപണിയിൽ പരിശോധന ശക്തമാക്കും


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാൻ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാൻ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളിൽ പൊതുവിപണിയിൽ പരിശോധന ശക്തമാക്കും. സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിനായി വ്യാപാരികൾ സഹകരിക്കണമെന്നും ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അഭ്യർഥിച്ചു.
വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കർമപദ്ധതികൾ തയ്യാറാക്കി. താലൂക്ക് തലത്തിൽ രൂപീകരിച്ച പൊതുവിതരണ, റവന്യൂ, ഭക്ഷ്യ സുരക്ഷവകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കും. യഥാസമയം അളവുതൂക്ക ഉപകരണങ്ങൾ മുദ്ര വെക്കാത്ത കച്ചവടക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഉപകരണങ്ങൾ മുദ്രവെച്ചതായുള്ള സർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. ത്രാസിന്റെ ഡിസ്പ്ലേ ഉപഭോക്താവിന് വ്യക്തമായി കാണുന്ന രൂപത്തിൽ സ്ഥാപിക്കണം. വിലവിവര പട്ടിക, സ്ഥാപനം നടത്തുന്നതിനാവശ്യമായ ലൈസൻസുകൾ എല്ലാം പൊതുജനം കാണത്തക്ക വിധം പ്രദർശിപ്പിക്കണം. ചരക്കുകളിലെ എം.ആർ.പി മായ്ക്കുക, മറയ്ക്കുക തുടങ്ങിയവയ്ക്കെതിരെയും നടപടി സ്വീകരിക്കും. ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തട്ടുകടകളിൽ പ്രത്യേകം പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് യോഗത്തിൽ നിർദ്ദേശം നൽകി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിലുടനീളം പൊതുവിപണിയിൽ നടത്തിയ പരിശോധനയിൽ 116 ഇടങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അളവു തൂക്കത്തിൽ കൃത്രിമം കാണിച്ചതിനും വിവവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി ലീഗൽ മെട്രോളജി വകുപ്പ് 74,000 രൂപ പിഴ ഈടാക്കിയതായി ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വ്യാപാരി പ്രതിനിധികളുടെ യോഗവും കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്നു.
ന്യായമായ വിലയിൽ സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ നൽകാൻ സഹകരിക്കണമെന്ന് കളക്ടർ വ്യാപാരികളോട് അഭ്യർത്ഥിച്ചു. യോഗത്തിൽ എ.ഡി.എം എൻ.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് സക്കീർ മറ്റു ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.