NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘1800 മണിക്കൂർ നീണ്ട നിശ്ശബ്ദത, 30 സെക്കൻഡ് സംസാരം’; മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺ​ഗ്രസ്

ന്യൂഡൽഹി: മണിപ്പൂരിൽ യുവതികളെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിൽ വിമർശനവുമായി കോൺ​ഗ്രസ്. പ്രധാനമന്ത്രിയുടെ പ്രതികരണം വളരെ വൈകി, വളരെ കുറച്ച് മാത്രമായെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇനി വെറും വാക്കുകൾ കൊണ്ട് ഫലമുണ്ടാകില്ല. 1800 മണിക്കൂർ നീണ്ട, മനസ്സിലാക്കാൻ കഴിയാത്തതും പൊറുക്കാനാവാത്തതുമായ നിശ്ശബ്ദതയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിനെക്കുറിച്ച് 30 സെക്കൻഡ് സംസാരിച്ചെന്നും വിമർശിച്ചുകൊണ്ട് ജയറാം രമേശ് ട്വീറ്റിലൂടെ പറഞ്ഞു.

 

‘1800 മണിക്കൂറിലധികം നീണ്ടുനിന്ന മനസ്സിലാക്കാൻ കഴിയാത്തതും പൊറുക്കാനാവാത്തതുമായ നിശബ്ദതയ്ക്ക് ശേഷം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് 30 സെക്കൻഡ് സംസാരിച്ചു. അതിനുശേഷം മണിപ്പൂരിലെ ഭീമാകാരമായ ഭരണ പരാജയങ്ങളിൽ നിന്നും മാനുഷിക ദുരന്തങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മധ്യപ്രദേശ്, യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ മോദി അവഗണിച്ചു,’ കോൺഗ്രസ് ജനറൽ സെക്രട്ടറി ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

 

ഇത് ‌വളരെ ചെറുതും വൈകിയതുമായ പ്രസ്താവനയാണ്. ഇനി വെറും വാക്കുകൾ കൊണ്ട് ഫലമുണ്ടാകില്ല. കൂടുതൽ ഉച്ചത്തിൽ സംസാരിക്കണമെന്നും ജയറാം രമേശ് പറഞ്ഞു. മണിപ്പൂർ അക്രമത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാ‌ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. സമാധാനത്തിന് അഭ്യാർത്ഥിക്കുന്നില്ലെന്നും ജയറാം രമേശ് ആരോപിച്ചു. മണിപ്പൂർ വീഡിയോയിൽ മൗനം വെടിഞ്ഞ പ്രധാനമന്ത്രി മോദി രാജസ്ഥാനെയും ഛത്തീസ്ഗഡിനെയും പരാമർശിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.