താനൂര്‍ ബോട്ടപകടം; പത്താം പ്രതിക്ക് ജാമ്യം, ഹൈക്കോടതി ഉത്തരവ് പ്രതിയുടെ പ്രായം പരിഗണിച്ച്


കൊച്ചി: താനൂര്‍ ബോട്ടപകടം നടന്ന കേസില്‍ പത്താം പ്രതി മുഹമ്മദ് റിന്‍ഷാദിന് ജാമ്യം. എളാരംകടപ്പുറം ചെമ്പന്റെ പുരയ്ക്കല്‍ മുഹമ്മദ് റിന്‍ഷാദിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. റിൻഷാദിൻ്റെ പ്രായം പരിഗണിച്ചാണ് ജാമ്യം. മുഹമ്മദ് റിന്‍ഷാദിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് എ സിയാദ് റഹ്‌മാന്‍ നിരീക്ഷിച്ചു.
അപകടം സംഭവിച്ച ബോട്ടിലെ ജീവനക്കാരനാണ് മുഹമ്മദ് റിന്‍ഷാദ്. ബോട്ടിലേക്ക് ആളുകളെ വിളിച്ചുകയറ്റുക എന്നതാണ് റിന്‍ഷാദിന്റെ ചുമതല. താനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയാണ് റിന്‍ഷാദിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 65 ദിവസമായി ജയിലിലാണ് മുഹമ്മദ് റിന്‍ഷാദ്. ബോട്ടുടമ നാസറിന്റെ സഹോദരിയുടെ പുത്രന്‍ കൂടിയാണ് റിന്‍ഷാദ്.
താനൂര്‍ പൂരപ്പുഴയില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 22 പേരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധിയിന്മേലാണ് മുഹമ്മദ് റിന്‍ഷാദ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. മാരിടൈം ബോര്‍ഡിലെ ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ ജോസഫ്, പ്രസാദ് വിവി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.