ഉമ്മൻ ചാണ്ടിക്ക് പകരം വെക്കാൻ ആരാണുള്ളത്’?; ‘ഞാനൊക്കെ പോയാൽ പകരം ആൾ വരും,വിഡി സതീശൻ


തിരുവനന്തപുരം: ‘എനിക്കൊക്കെ പകരം ആളുകൾ വരും, ഉമ്മൻ ചാണ്ടിക്ക് പകരം വെക്കാൻ ആരാണുള്ള’തെന്ന് വികാരഭരിതനായി പറയുന്നത് മറ്റാരുമല്ല, അത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. കോരിച്ചൊരിയുന്ന മഴ നനഞ്ഞ് വഴിയിൽ കാത്തുനിൽക്കുന്ന ആളുകളെ നോക്കിയിരിക്കുകയാണ് സതീശൻ. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു പോവുന്ന വിലാപ യാത്രയിൽ അനുഗമിക്കുകയാണ് സതീശനും നേതാക്കളും.
‘ബസ്സിലിരുന്ന് റോഡിന്റെ ഇരുവശങ്ങളിലേക്ക് നോക്കുകയായിരുന്നു. അവരുടെ കണ്ണുകളിലെ സങ്കടം, അവർക്ക് പ്രിയപ്പെട്ട ആരോ നഷ്ടപ്പെട്ടു പോയ വേദനയാണ് അവരുടെ കണ്ണുകളിൽ കാണുന്നത്. എത്രമാത്രം ഉമ്മൻചാണ്ടിയെ ജനങ്ങൾ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് റോഡരികിലെ ജനക്കൂട്ടം. ഇത്ര നേരമായിട്ടും തിരുവനന്തപുരം നഗരം വിടാൻ കഴിഞ്ഞിട്ടില്ല. അത്രമാത്രം ആൾക്കൂട്ടമാണ് കോരിച്ചൊരിയുന്ന മഴയത്തും കാത്തുനിൽക്കുന്നത്. ജനകീയതയുടെ പര്യായമാണ് അദ്ദേഹം’- വിഡി സതീശൻ പറഞ്ഞു.
പകരം വെക്കാനില്ലാത്ത ആളാണ് ഉമ്മൻചാണ്ടി. ഞാനൊക്കെയാണ് പോകുന്നതെങ്കിൽ പകരം എത്രയോ ആളുകൾ വരും. ഉമ്മൻചാണ്ടിക്ക് പകരം വെക്കാനാളില്ല. ഞങ്ങളാരും അതിന് പറ്റുന്നവരല്ല. നമുക്കാർക്കും പറ്റില്ല, ഒരാൾക്കും പറ്റില്ല. എത്ര ശ്രമിച്ചാലും കഴിയില്ല. ഞങ്ങളെല്ലാം ശ്രമിച്ചുനോക്കിയതാണ് പണ്ട്. അത് അദ്ദേഹത്തിന് മാത്രമേ കഴിയൂ. പലപ്പോഴും നികത്താൻ കഴിയാത്ത നഷ്ടമാണ് എന്നൊക്കെ നമ്മൾ പറയാറില്ലേ. അക്ഷരാർത്ഥത്തിൽ അതാണ് ഉമ്മൻചാണ്ടിയുടെ വിയോഗം. ഇപ്പോഴെന്നല്ല, വരാനിരിക്കുന്ന തലമുറയിൽ പോലും അങ്ങനൊരാൾ ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.