NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉമ്മൻചാണ്ടിയുടെ അന്ത്യ ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് 3.30 മുതൽ; പാർക്കിങ് ഇങ്ങനെ

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച നടക്കും. പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്ക്കാരം. ഉച്ചയ്ക്ക് 12 മണിയോടെ വസതിയിൽവെച്ചുള്ള ശുശ്രൂഷ ചടങ്ങുകൾക്കുശേഷം ഒരു മണിയോടെയായിരിക്കും പുതുപ്പള്ളി പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കുക. രണ്ട് മണി മുതല്‍ മൂന്ന് വരെയുള്ള സമയം വടക്കേ പന്തലില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. മൂന്നരയോടെ പരി. ബസേലിയോസ് മാര്‍ത്തോമ്മ, മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ എന്നിവര്‍ ചേർന്ന് അന്ത്യശുശ്രൂഷ നൽകും. വൈകിട്ട് അഞ്ചു മണിയോടെ അനുശോചന സമ്മേളനം ചേരും.

സംസ്‌കാര ചടങ്ങിനെത്തുന്നവർക്കുള്ള വാഹന പാര്‍ക്കിങ് സൗകര്യങ്ങൾ

മീനടം കറുകച്ചാല്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍പ്പള്ളി ഹൈസ്‌ക്കൂള്‍ മൈതാനത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം

മണര്‍കാട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ പുതുപ്പള്ളി ഹൈസ്‌കൂള്‍ മൈതാനത്തില്‍ പാർക്ക് ചെയ്യണം. ഇരവിനല്ലൂര്‍ കല്ലുങ്കിനടുത്തുള്ള പള്ളിവക സ്ഥലത്തും വെടിക്കെട്ട് നടത്തുന്ന സ്ഥലത്തും ചങ്ങനാശ്ശേരി വാകത്താനം പാറയ്ക്കല്‍കടവ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ പാർക്ക് ചെയ്യണം.

ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടിലാണ് വിഐപി വാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വ്യാഴാഴ്ച രാവിലെ രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും.

 

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ച ദര്‍ബാര്‍ ഹാളില്‍ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നു വാതിലുകളില്‍ക്കൂടിയും ആളുകള്‍ ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ഈ തിരിക്കിനിടയിലൂടെയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

Leave a Reply

Your email address will not be published.