NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി പൊലീസ് ക്വാര്‍ട്ടേഴ്‌സ് പൊളിച്ചു നീക്കി ചെമ്മാട് ടൗണില്‍ പൊലീസ് ഹബ്ബിനായി പദ്ധതി ഒരുങ്ങുന്നു.

1 min read
തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ കാലപ്പഴക്കത്താല്‍ നശിച്ചു കൊണ്ടിരിക്കുന്ന പൊലീസ് ക്വോട്ടേഴ്‌സ് പൊളിച്ചു നീക്കി പൊലീസ് ഹബ്ബ് നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതികളൊരുങ്ങുന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പദ്ധതി ഒരുങ്ങുന്നതായി മറുപടി ലഭിച്ചത്.
1.14 ഏക്കര്‍ ഭൂമിയില്‍ ചെമ്മാട് ടൗണില്‍ ആഭ്യന്തര വകുപ്പിന് കീഴില്‍ സ്ഥിതി ചെയ്യുന്ന കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുക. ഇവിടത്തെ ഒന്‍പത് കെട്ടിടങ്ങള്‍ക്ക് 35 വര്‍ഷത്തെയും ഒരു കെട്ടിടത്തിന് 16 വര്‍ഷത്തെയും മൂന്ന് കെട്ടിടങ്ങള്‍ക്ക് 14 വര്‍ഷത്തെയും പഴക്കമാണുള്ളത്. ഇവയില്‍ പത്ത് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനാണ് അനുമതിയായിട്ടുള്ളത്.
ഇവിടെ തൊണ്ടി വാഹനങ്ങള്‍ നിക്ഷേപിച്ചത് കാരണം ക്വോട്ടേഴ്‌സുകളെല്ലാം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. പലതും ജീര്‍ണ്ണിച്ച് പൊളിഞ്ഞു വിഴാറായ അവസ്ഥയിലുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂത്ത്‌ലീഗ് സര്‍ക്കാറിന്റെ അദാലത്ത് മുഖേന പരാതി നല്‍കിയത്.
ഈ പരാതിയില്‍ നല്‍കിയ മറുപടിയിലാണ് പദ്ധതി തെയ്യാറാക്കുന്നതിനെ കുറിച്ച് അറിയിച്ചിട്ടുള്ളത്.
പൊലീസ് ഫാമിലി ക്വോർട്ടേഴ്‌സ് വളപ്പില്‍ വിവിധ കേസുകളില്‍ അകപ്പെട്ട് പിടിച്ചിട്ടിരുന്ന തൊണ്ടി വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് കമ്മിറ്റി 2021-ല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ലേലം ചെയ്ത് തൊണ്ടി വാഹനങ്ങള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ നീക്കം ചെയ്തിരുന്നു.
 ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി പൊലീസ് സ്റ്റേഷന്‍, സി.ഐ ഓഫീസ്, ഡി.വൈ.സെ്.പി ഓഫീസ്, ട്രാഫിക് യൂണിറ്റ്, ഫയര്‍ സ്റ്റേഷന്‍, ഐ.ടി. സെല്‍ എന്നിവ അടങ്ങുന്ന പൊലീസ് ഹബ്ബ് നിര്‍മ്മിക്കണമെന്നായിരുന്നു യൂത്ത്‌ലീഗിന്റെ ആവശ്യം.
ഇവ പരിഗണിക്കുന്നതിനോടൊപ്പം പൊലീസ് സ്റ്റേഷന് പുതിയകെട്ടിടം, പുതിയ ട്രാഫിക് യൂണിറ്റ് എന്നിവക്കുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും താനൂര്‍ സബ് ഡിവിഷന്‍ തല ടെക്‌നിക്കല്‍ കേഡര്‍ ഓഫീസ് ആരംഭിക്കുന്നതിന് പഴയ സിഐ ഓഫീസ് കെട്ടിടം അനുവദിക്കുന്നതിന് ടെലി കമ്മ്യൂണിക്കേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും പോലീസ് മറുപടിയിലുണ്ട്.
അതോടപ്പം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ രേഖാമൂലം നല്‍കിയ മറുപടിയിലുണ്ട്.
അതേസമയം കൂടുതൽ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പകരം വലിയ ഒരു കെട്ടിടം നിര്‍മ്മിച്ച് എല്ലാം ഒരു കുടക്കീഴില്‍ ആക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും മറിച്ചുള്ള നിര്‍മ്മാണങ്ങളെ യൂത്ത്‌ലീഗ് എതിര്‍ക്കുമെന്നും സി.ഐ, എസ്.ഐ ക്വോട്ടേഴ്‌സുകള്‍ ഇവിടേക്ക് മാറ്റി ആ ഭൂമി തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കായോ തിരൂരങ്ങാടി വില്ലേജ് ഓഫീസിനായോ ഉപയോഗപ്പെടുത്തണമെന്നും യു.എ റസാഖ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.