ഏക സിവില്‍കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ശശി തരൂര്‍ എംപി. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ല. അതിന് മുന്‍പ് ബില്ലിനെ കുറിച്ച് അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു. ഏക സിവില്‍ കോഡ് ബില്ല് ഇത്തവണ പാര്‍ലമെന്റില്‍ വരുമോ എന്ന് സംശയമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.കേരളത്തിലെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്‍െയും നിലപാടുകള്‍ തള്ളിയാണ് ശശി തരൂര്‍ രംഗത്തെത്തിയെന്നുള്ളതും ശ്രദ്ധേയമാണ്.
അതേസമയം, ഏക സിവില്‍ കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിലെ നിയമ വിദഗ്ധ നേതാക്കള്‍ ഇന്നു യോഗം ചേര്‍ന്നു. വിഷയത്തില്‍ സൂക്ഷ്മതയോടെ പ്രതികരണങ്ങള്‍ നടത്താനും കരട് ബില്‍ വന്ന ശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നും വിദഗ്ധര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, മനു അഭിഷേക് സിങ്വി, മനീഷ് തിവാരി, വിവേക് തന്‍ഖ, കെ.ടി.എസ്. തുളസി തുടങ്ങിയവരാണ് ശനിയാഴ്ച ഏക സിവില്‍കോഡ് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. ഇവര്‍ തങ്ങളുടെ നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും. വിഷയം ഏറെ സങ്കീര്‍ണ്ണമായതിനാല്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ നേതാക്കള്‍ പ്രതികരണം നടത്താവൂ. ഒരു നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് വിവിധ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇവരുടെ നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, ‘ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ജനസദസിന് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും. മത- സാമുഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയിലേക്ക് ഇടതുപക്ഷത്തെയും ബിജെപിയെയും ക്ഷണിക്കേണ്ടന്നാണ് തീരുമാനം. സെമിനാറിന് ക്ഷണിക്കാത്ത സിപിഎമ്മിന് അതെ നാണയത്തില്‍ മറുപടി കൊടുക്കാനാണ് തീരുമാനം. എല്‍ഡിഎഫ് ഘടകക്ഷികള്‍ക്കും ക്ഷണം ഉണ്ടാകില്ല.കോഴിക്കോട് സ്വാഗത സംഘം രൂപീകരിച്ച് ആദ്യ യോഗം ചേര്‍ന്നു. 151 പേരാണ് കമ്മറ്റിയിലുള്ളത്.