NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രതിയല്ലാത്തയാളെ കസ്റ്റഡിയില്‍ എടുക്കുന്നതും ഫോണ്‍ പിടിച്ചെടുക്കുന്നതുമെന്തിന്’ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുകയും അവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതിനെതിരെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകനായ വൈശാഖന്റെ ഫോണ്‍ പിടിച്ചെടുത്തതിനെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ശക്തമായ വിമര്‍ശനമുണ്ടായത്. വൈശാഖന്റെ ഫോണ്‍ ഉടന്‍ തിരിച്ചു നല്‍കാനും ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

 

ക്രിമിനല്‍കേസില്‍ പ്രതിയല്ലാത്തയാളുടെ ഫോണ്‍ പിടിച്ചെടുക്കുകയും അവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യാന്‍ പൊലീസിന് എന്ത് അധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. വൈശാഖന്റെ ഫോണ്‍ തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കുകയും ചെയ്തു. ഷാജന്‍ സ്‌കറിയ പ്രതിയാണെങ്കില്‍ പൊലീസ് അയാളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

 

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അവരെ ദുര്‍ബലപ്പെടുത്തുന്ന നടപടിയുണ്ടാകരുതെന്നും ഹൈക്കോടതി പറഞ്ഞു. ഷാജന്‍ സക്‌റിയയുടെ സ്ഥാപനമായ മറുനാടന്‍ മലയാളിയിലും അവിടുത്തെ ജീവനക്കാരുടെയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

 

ഇന്ന് രണ്ടാം തവണയാണ് പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടാകുന്നത്.കാട്ടയത്ത് പൊലീസിന്റെ സാന്നിധ്യത്തില്‍ സമരം ചെയ്യുന്ന ബസുടമയെ സി ഐ ടിയു നേതാവ് മര്‍ദ്ധിച്ച സംഭവത്തിലും പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പൗരന്‍മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പൊലീസിനാണ്. ബസുടമക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചത് ഹൈക്കോടതിയാണ് ഇവിടെ അടിച്ചത് ബസുടമയെ ആണെങ്കിലും അടികൊണ്ടത് കോടതിയുടെ മുഖത്താണ് എന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *