അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളില്‍ വിദ്യാഭ്യാസ അവധി; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്


സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ മഴ പല സ്ഥലങ്ങളിലും തുടരുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം , വയനാട് , മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട് ,എന്നാൽ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊല്ലം ജില്ലകളിൽ പ്രൊഫഷണല്‍ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മറ്റു സർവകലാശാലാ, പിഎസ്‌സി പരീക്ഷകൾക്കു മാറ്റമില്ല. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലും പ്രൊഫഷനൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
എറണാകുളം ജില്ലയിൽ കണ്ണമാലി ,നായരമ്പലം കണ്ണമാലി തുടങ്ങിയ തീരമേഖലകളിൽ കടൽ ക്ഷോഭം തുടരുകയാണ്. കോട്ടയം ജില്ലയിൽ പാലാ അടക്കമുള്ള മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് താണു. എന്നാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. മണ്ണാർക്കാട് തെങ്കരയിൽ മരം വീണ് ലൈൻ പൊട്ടിയതിനെ തുടർന്ന് അട്ടപ്പാടി മേഖലയിൽ വൈദ്യതി നിലച്ചു.. വൈദ്യുതി പുനസ്ഥാപിക്കാൻ സമയം എടുത്തേക്കുമെന്നാണു കെഎസ്ഇബി വ്യക്തമാക്കുന്നത് .
ആലപ്പുഴയിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പുയർന്നു. ശക്തമായ കാറ്റിൽ അമ്പലപ്പുഴയിൽ ഇന്നലെ ഒരു വീട് പൂർണമായും തകർന്നു. അപ്പർകുട്ടനാടൻ മേഖലകളായ നിരണം, തലവടി, വീയപുരം, തകഴി എന്നിവിടങ്ങളിൽ വീടുകൾ വെള്ളത്തിലായി. ജില്ലയിൽ ഇതുവരെ 156 വീടുകൾക്ക് നാശനഷ്ടമുണ്ടായി. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.