NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ മത്സ്യതൊഴിലാളി കോളനികളുടെ ശോചനീയാവസ്ഥ പരിഹരിക്കും : മന്ത്രി സജി ചെറിയാൻ 

വള്ളിക്കുന്ന് മണ്ഡലത്തിലെ തീരസദസ്സ് ആനങ്ങാടിയിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യുന്നു.

വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിൽ മത്സ്യതൊഴിലാളികൾ താമസിക്കുന്ന കോളനികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മന്ത്രി സജി ചെറിയാൻ്റെ ഇടപെടൽ. വള്ളിക്കുന്നിൽ തീരസദസിന് മുന്നോടിയായി നടന്ന യോഗത്തിലാണ് ഉന്നതതല യോഗം ചേർന്ന് പ്രശ്നപരിഹാരം കാണുന്നതിനായി മന്ത്രി നിർദ്ദേശം നൽകിയത്. ജൂലായ് 12ന് എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് പരിഹാര നടപടികൾക്ക് രൂപം നൽകും.
പട്ടയപ്രശ്നം, റോഡ് സൗകര്യം , വീട് പുനരുദ്ധാരണം  തുടങ്ങിയവയുൾപ്പടെയുള്ള പ്രശ്നങ്ങളാണ്  ഉയർന്നത്. ത്രിതല പഞ്ചായത്തുകളുടെയും സർക്കാറിൻ്റെയും സാമ്പത്തിക സഹായം ലഭ്യമാക്കിക്കൊണ്ടായിരിക്കും നവീകരണം. 2006 ൽ കടലുണ്ടി പാലത്തിന് സ്ഥലം വിട്ടുനൽകിയ 16 പേർക്ക് സർക്കാർ പണം പാസാക്കിയിട്ടും ലഭിക്കാതിരുന്ന കാര്യവും യോഗത്തിൽ ഉയർന്നു. 18 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചിരുന്നത്. ബ്രിഡ്ജസ് വിഭാഗം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പണം നൽകുന്നതിനായി ഫയൽ റവന്യൂ വിഭാഗത്തിനായി കൈമാറിയിരുന്നതായി യോഗത്തിൽ വ്യക്തമാക്കപ്പെട്ടു.
കാലാവധി കഴിഞ്ഞതിനാൽ കൊടുക്കാൻ കഴിഞ്ഞില്ലെന്ന വിശദീകരണം റവന്യൂ ഉദ്യോഗസ്ഥരും നൽകും. കടുത്ത അതൃപ്തി അറിയിച്ച മന്ത്രി കാലതാമസം വരുത്തി ഇത്രയും കാലം തുക നൽകാതിരുന്ന ഉദ്യോഗസ്ഥ  നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ച തന്നെ തനിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറാൻ നിർദ്ദേശം നൽകി. സർക്കാർ തലത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആലോചന നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി. കടലുണ്ടി അഴിമുഖത്ത് മണൽതിട്ടയടിഞ്ഞതിനാൽ അപകടം ഉണ്ടാകാനുള്ള സാധ്യതയും യോഗത്തിൽ ഉയർന്നു.
നീക്കം ചെയ്യാൻ നേരത്തെ നൽകിയ നിർദ്ദേശം എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് മന്ത്രി ചോദിച്ചു. പ്രശ്നത്തിൽ ഉടൻ നടപടിയെടുക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തി. മണ്ഡലത്തിൽ കടൽഭിത്തി തകർന്നതും ഇല്ലാത്തതുമായ ഭാഗങ്ങളിൽ ഭിത്തി കെട്ടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. തീരദേശ മേഖലയിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകി.

തീരസദസ്സ് : വള്ളിക്കുന്നിൽ ലഭിച്ചത് 175 പരാതികൾ

വള്ളിക്കുന്ന് : 175 പരാതികളാണ് വള്ളിക്കുന്ന് മണ്ഡലം തീരസദസ്സിൽ ലഭിച്ചത്. ഇതൽ 17 പരാതികൾ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടതും ബാക്കിയുള്ളത് മറ്റു സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്. ആനങ്ങാടി ഡാസ്സിൽ അവന്യു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, ജില്ലാ പഞ്ചായത്തംഗം സറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി തോട്ടുങ്കൽ, ബാബുരാജ് പൊക്കടവത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്പ, സച്ചിദാനന്ദൻ, ആസിഫ് മഷ്ഹൂദ്, സുനിലത്ത് ആബിദ്, സുഹറ ബഷീർ, കെ.പി ഹനീഫ എന്നിവർ സംബന്ധിച്ചു.

 

ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്രാമ്പിയ റോഡിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച മണ്ഡലത്തിൽ നിന്നുള്ളവരെയും മുതിർന്ന മത്സ്യതൊഴിലാളികളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. മത്സ്യ തൊഴിലാളികൾക്കുള്ള വിവിധ ധന സഹായങ്ങളും ചടങ്ങിൽ വെച്ച് മന്ത്രി വിതരണം ചെയ്തു.

 

Leave a Reply

Your email address will not be published.