വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 300 ലധികം പേരെ പറ്റിച്ച യുവതിയും സുഹൃത്തും പിടിയിൽ


300 ൽ അധികം പേർക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ച കോസിൽ യുവതിയും സുഹൃത്തും പിടിയിൽ. സുനിത, സുഹൃത്ത് ജസ്റ്റിൻ എന്നിവരാണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഏകദേശം ഒന്നരക്കോടിയിലേറെ രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. കേസായതോടെ ഒളിവിൽ പോയ ഇരുവരേയും കൊല്ലം ശക്തിക്കുളങ്ങര പൊലീസാണ് മഹാരാഷ്ട്രയിൽനിന്ന് പിടികൂടിയത്.
വള്ളിക്കീഴ് ജംഗ്ഷനിലെ ജിഡിജിഎച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ഇവരെ തേടി നിരവധിപ്പേരാണ് എത്തിയത്. ഏകദേശം 300 ൽ അധികം ഉദ്യോഗാർഥികളെയാണ് ഇവർ പറ്റിച്ചത്. ഒന്നരക്കോടിയോളമാണ് തട്ടിയെടുക്കുകയും ചെയ്തു.
ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചു. ഇതോടെ സുനിതയും ജസ്റ്റിനും ഒളിവിൽ പോയി. പ്രതികൾ കേരളം വിട്ടെന്ന് മനസിലാക്കിയ ശക്തിക്കുളങ്ങര പൊലീസ് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വല വിരിച്ചാണ് പ്രതികളെ പിടികൂടിയത്.
നാഗ്പൂരിന് സമീപമുള്ള ചന്ദ്രപൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവര്‍ പിടിയിലായത്. റെയിൽവേ പ്രൊട്ടക്ഷൻ ടീമിന്‍റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പ്രതികളെ കൊല്ലത്ത് എത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ തോട്ടപ്പള്ളി സ്വദേശി സ്റ്റീഫനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സ്റ്റീഫന്‍റെ സഹോദരനാണ് ഇപ്പോൾ പിടിയിലായ ജസ്റ്റിൻ.