NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന; അഴിച്ചുപണി ഉടൻ

ന്യൂഡൽഹി: നടനും മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ നിന്നും സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്.

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകിട്ട് ചേരും. ഇതിനിടെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസഭയിലേക്ക് വഴിതുറക്കുമെന്ന റിപ്പോര്‍ട്ടുകൾ വരുന്നത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ നിന്ന് മത്സരിച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ തന്നെയാകും സുരേഷ് ഗോപി മത്സരിക്കുക. 2014ലാണ് സുരേഷ് ഗോപി രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവെന്ന നിലയ്ക്കാണ് സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്.

 

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും നിലവിലുള്ളവരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയും സമഗ്രമായ പുനഃസംഘടന യ്ക്കാണ് നേതൃത്വം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബിജെപി ഉന്നത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ്, അഴിച്ചു പണി സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 2024 ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ പ്രാഥമിക ധാരണ ആയ സാഹചര്യത്തില്‍ മറുതന്ത്രങ്ങളാണ് കൂടിക്കാഴ്ചയില്‍ വിഷയമായതെന്നാണ് വിവരം.

അടുത്ത തിങ്കളാഴ്ച മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ത്തതോടെയാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായത്. പ്രഗതി മൈതാനില്‍ പുതുതായി പണിത കണ്‍വെന്‍ഷന്‍ സെന്ററിലായിരിക്കും യോഗം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാജസ്ഥാന്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന ഈ തെരഞ്ഞെടുപ്പിന് മുമ്പായി ഭരണനേതൃത്വത്തിലും പാര്‍ട്ടിയിലും മാറ്റങ്ങള്‍ വരുത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!