NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ പുതിയ പാലം: ഉത്സവാന്തരീ ക്ഷത്തിൽ നാടിന് സമർപ്പിച്ചു. പാലം യാഥാര്‍ത്ഥ്യ മാക്കിയത് കോവിഡ് പ്രതിസന്ധിയെ മറികടന്നെന്ന് മന്ത്രി

1 min read
പരപ്പനങ്ങാടി : തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിർമ്മിച്ച പാലത്തിങ്ങൽ പാലം ഉത്സവാന്തരീക്ഷത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിൽ നാടിന് സമർപ്പിച്ചു.
പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലമാണ് പാലത്തിങ്ങലിലേതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രളയ പ്രതിസന്ധികളെ മറികടന്നാണ് പാലം യാഥാര്‍ത്ഥ്യമായതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ചടങ്ങിൽ പി.കെ.അബ്ദുറബ്ബ് എം.എൽ.എ. അധ്യക്ഷതയും ശിലാഫലകം അനാഛാദനവും നിർവ്വഹിച്ചു. 15 കോടി രൂപ വിനിയോഗിച്ചാണ് പാലം  നിർമിച്ചിട്ടുള്ളത്.  ഉള്‍നാടന്‍ ജലഗതാഗത നിയമം പാലിച്ച് 100.40 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം.
450 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്റ്റ് ഫ്‌ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് പ്രകാരമുള്ള നാടുകാണി- പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് തിരൂരങ്ങാടി ചെമ്മാടിനും പരപ്പനങ്ങാടിയ്ക്കുമിടയിലെ പാലത്തിങ്ങലില്‍ പുതിയ പാലം നിർമ്മിച്ചത്.
2017 നവംബര്‍ 26 നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പാലത്തിങ്ങലില്‍ പുതിയ പാലത്തിന് തറക്കല്ലിട്ടത്. തുടര്‍നാണ് പ്രവൃത്തികള്‍ തുടങ്ങിയത്. ഇരുകരകളിലുമായി 80 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്.
https://www.facebook.com/news1kerala/videos/2786236271639512/
നിലവിലെ പാലത്തിന്റെ തെക്ക് വശത്തായാണ് പുതിയ പാലം. പാലത്തിന് മൂന്ന് സ്പാനുകളുള്ളത്. നാവിഗേഷൻ റൂട്ടുള്ളതിനാൽ കാലുകളില്ലാതെ നടുഭാഗം ഉയർത്തിയാണ് പാലത്തിൻ്റെ നിർമ്മാണം. 79.2 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം പൂർത്തീകരിച്ചത്.
നിർമ്മാണ പ്രവൃത്തിക്കിടെയുണ്ടായ രണ്ടു പ്രളയങ്ങളും സമ്പൂർണ്ണ ലോക്‌ഡോണും സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ പ്രയാസം നേരിട്ടെങ്കിലും രാപ്പകലില്ലാതെ പ്രവൃത്തി പൂർത്തീകരിക്കുകയായിരുന്നു. പാലക്കാട് പി.ഡബ്ലിയു.ഡി. പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. ഹരീഷ്, റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി,
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ.ഉസ്മാൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ സി. നിസാർ അഹമ്മദ്, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ കൗൺസിലർമാരായ തുടിശ്ശേരി കാർത്തികേയൻ, അബ്ദുൽ അസീസ് കൂളത്ത്, സി.ടി. ഷാഹിന സമീർ, ഷമീന മൂഴിക്കൽ, ഉഷ തയ്യിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എച്ച്.എസ്.തങ്ങൾ (മുസ്ലിം ലീഗ്), ഗിരീഷ് തോട്ടത്തിൽ (സി.പി.ഐ), പി. റിജു (ബി.ജെ.പി) എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് പി.ഡബ്ലിയു.ഡി. പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ. മിനി സ്വാഗതവും അസി.എക്സി. എഞ്ചിനീയർ രാമകൃഷ്ണൻ പലശ്ശേരി നന്ദിയും പറഞ്ഞു. തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബാൻഡ് മേളകളുടെ അകമ്പടിയോടെ പാലത്തിൽ ആഹ്ളാദ പ്രകടനവും നടന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധിപേരാണ് ചടങ്ങ് കാണാനെത്തിയത്.

Leave a Reply

Your email address will not be published.