റോഡ് സുരക്ഷാ ബോധവൽക്ക രണം ഇനി ഇതര സംസ്ഥാന തൊഴിലാളിക ൾക്കും.


തിരൂരങ്ങാടി: വിവിധ ജോലി ആവശ്യാർത്ഥം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം നൽകിത്തുടങ്ങി.
തൊഴിലാളികൾക്കിടയിൽ വാഹനമായി നിരത്തിലിറങ്ങുന്നവർ വർധിച്ച സാഹചര്യത്തിലാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു സംവിധാനം ഒരുക്കിയത്.
കോട്ടക്കൽ, ചെമ്മാട്, കക്കാട്, യൂണിവേഴ്സിറ്റി, പരപ്പനങ്ങാടി തീരദേശ മേഖല എന്നിവിടങ്ങളിലായി ഇവരുടെ താമസ സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എത്തിയാണ് ഉദ്യോഗസ്ഥർ വിവിധ ഭാഷകളിൽ ബോധവൽക്കരണം നൽകിയത്.
വിവിധ സംസ്ഥാനക്കാർ ആയതുകൊണ്ടുതന്നെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലാണ് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നത്. താലൂക്ക് പരിധിയിലെ എല്ലാ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശങ്ങൾ എത്തിക്കുന്നതിൻ്റെ ഭാഗമായി ഒരുക്കിയ ഈ സംവിധാനം ജനകീയമായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇതിൻ്റെ ഭാഗമായി സൗജന്യ ഹെൽമറ്റ് വിതരണം, സൗജന്യ വാഹന പുക പരിശോധന എന്നിവയും നടത്തി. തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ പി.എ. ദിനേശ് ബാബുവിൻ്റെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.കെ. പ്രമോദ് ശങ്കർ, പി.എച്ച്. ബിജുമോൻ,
അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.കെ. സജിൻ, കെ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നൽകിയത്. വരുംദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് റോഡ് സുരക്ഷാ സന്ദേശങ്ങൾ എത്തിക്കുമെന്ന് തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ദിനേശ് ബാബു പറഞ്ഞു.