NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അന്തരീക്ഷച്ചുഴി; നാളെ മുതൽ മഴ കനക്കും

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്പെടും. സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനടുത്തായി രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ശക്തമായ കാലവര്‍ഷത്തിനുപകരം ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴകളാണ് സംസ്ഥാനത്ത് പലയിടത്തും ലഭിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പെട്ടെന്ന് ന്യൂനമർദങ്ങളും ചുഴലിയും ഒന്നിനുപിന്നാലെ ഒന്നായി രൂപംകൊള്ളാനുളള സാധ്യതയും, ശാന്തസമുദ്രത്തിലെ ശക്തമായ ഉഷ്ണജലപ്രവാഹ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. അങ്ങനെ വന്നാൽ, നിലവിലെ സാഹചര്യത്തിന്റെ നേരെ വിപരീതമാകും അനുഭവിക്കേണ്ടിവരിക. ന്യൂനമർദം സൃഷ്ടിച്ച അന്തരീക്ഷത്തിന്റെ ഫലമായി ഒരാഴ്ചയായി കാറ്റ് രണ്ടായി തിരിഞ്ഞ് ബംഗാൾ ഉൾക്കടൽഭാഗത്തും മധ്യപ്രദേശ് മേഖലയിലേക്കുമാണ് സഞ്ചരിക്കുന്നത്,. ഇതിന്റെ ഭാഗമായി ഒഡീഷയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിതീവ്രമഴ പെയ്യുന്നുണ്ട്.

നിലവിൽ ഭോപ്പാൽമേഖല കേന്ദ്രീകരിച്ചുളള ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കാലവർഷക്കാറ്റ് കരയിൽ കയറാത്തതിനാൽ കേരളത്തിൽ മഴ പേരിനു മാത്രമായി. കൊച്ചി മേഖലയിലാണ് ഇപ്പോൾ കാര്യമായ മഴക്കാറുള്ളത്. കൊച്ചിയിലെത്തി പ്രതീക്ഷ നൽകിയ കാലവർഷക്കാറ്റ്, പിന്നീട് ശക്തി കൂടിയും കുറഞ്ഞുമാണ് വഴിമാറി പോയത്.

 

Leave a Reply

Your email address will not be published.