മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ


മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ സുധാകരൻ അറസ്റ്റിൽ. കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വേണ്ടിവന്നാൽ ജാമ്യമനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ചോദ്യം ചെയ്യലിൽ പരാതിക്കാരും ഓൺലൈനിൽ ഹാജരായി. അനൂപ് മുഹമ്മദ്, ഷെമീർ എന്നിവരാണ് ഹാജരായത്. സുധാകരന്റെ മൊഴിയിൽ വ്യക്തയ്ക്കായാണ് പരാതിക്കാരെ ഓൺലൈനായി ബന്ധപ്പെടുത്തിയത്.
നിയമ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ചോദ്യാവലിക്കെല്ലാം പൂർണമായി ഉത്തരം നൽകുമെന്ന് സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകും മുൻപ് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്നും അതിൽ ആശങ്കയില്ലെന്നുമാണ് സുധാകരന്റെ നിലപാട്. കടൽ താണ്ടിയ തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് പ്രതികരിച്ചു.