NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യൂട്യൂബർ ‘തൊപ്പി’ കസ്റ്റഡിയിൽ

 

കൊച്ചി: തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ നിഹാലിനെ പൊലീസ് എറണാകുളത്തു വെച്ച് കസ്റ്റഡിയിൽ എടുത്തു. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു.

 

വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നു തൊപ്പി പറഞ്ഞു. ഇതിന്റെ വീഡിയോയും പോസ്റ്റ്‌ ചെയ്തു. കസ്റ്റഡിയിലെടുത്ത നിഹാലിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികൾ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.

ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും സജീവ ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ പതിനേഴിനാണ് വളാഞ്ചേരിയിലെ ജെന്‍സ് ഷോപ്പ് യൂട്യൂബര്‍ ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് കുട്ടികളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയത്. ഇതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു. വളാഞ്ചേരി പൊലീസാണ് യൂട്യൂബര്‍ക്കെതിരെയും കട ഉടയ്ക്കെതിരെയും കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *