ബിപോർ ജോയ് കരതൊട്ടു; ഗുജറാത്ത് തീരത്ത് ശക്തമായ മഴയും കാറ്റും


അഹമ്മദാബാദ്: ബിപോർ ജോയ് ചുഴലിക്കാറ്റ് കരതൊട്ടു. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ബിപോർ ജോയി കരതൊടുമെന്ന മുന്നറിയിപ്പ് വന്നതോടെ ഒരു ലക്ഷത്തോളം പോരെ കച്ച് മേഖലയിൽനിന്ന് മാറ്റിപാർപ്പിച്ചു. ബിപോർജോയി കരതൊടുമ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്.
മുൻകരുതലിന്‍റെ ഭാഗമായി ഗുജറാത്തിൽ 76 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതബന്ധം താറുമാറായി. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ബിപോർ ജോയി ജഖാവു തുറമുഖത്തിന് 80 കിലോമീറ്റർ അടുത്തെത്തിയെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് റിപ്പോർട്ട് ചെയ്യുന്നത്. തീരമേഖലയില്‍ കാറ്റിന്‍റെ വേഗത ഓരോ നിമിഷവും കൂടുകയാണ്. ദിയുവില്‍ നിലവിൽ 50 കിലോ മീറ്റർ വേഗതയിലാണ് കാറ്റുവീശുന്നത്. ദ്വാരകയിൽ 45 ഉം പോര്‍ബന്തർ 47 ഉം കിലോ മീറ്റർ വേഗതിയിലാണ് കാറ്റ് വീശുന്നത്.
ബിപോർ ജോയി കരതൊടുമ്പോൾ സൗരാഷ്ട്ര, കച്ച് മേഖലയില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. കാറ്റഗറി മൂന്നിൽപെടുന്ന അതി തീവ്ര ചുഴലിയായി എത്തുന്ന കാറ്റിന്റെ സഞ്ചാരപാതയിൽനിന്ന് മുക്കാൽ ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തിന്റെ തീര മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്.