NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴി വിലയ്ക്ക് പിന്നാലെ പച്ചക്കറിയും മീനും; തീവിലയിൽ വലഞ്ഞു സാധാരണക്കാർ

 

ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില. ഭൂരിഭാഗം പച്ചക്കറിക്കും മീനിനും വില ഇരട്ടിയായി. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണം.

 

കഴിഞ്ഞ മാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് വില 100 രൂപയായി. ബീൻസിന് 65 രൂപയിൽ നിന്നും ക്യാരറ്റ് 70 രൂപയിൽ നിന്നും 100 രൂപയായി. തക്കാളി വില 30 രൂപയിൽ നിന്ന് 60 രൂപയായി. പച്ച മുളകിന് 90 രൂപ കൊടുക്കണം. ഉള്ളിയ്ക്കും വില ഇരട്ടിയായി. 80 രൂപയാണ് നിലവില്‍ കിലോയ്ക്ക് ഉള്ളി വില. വെളുത്തുള്ളിയ്ക്ക് 45 രൂപ കൂടി കിലോ 130 ആയി. വെണ്ടയ്ക്ക ഇരട്ടിയിലേറെ വില കൂടി, 45 രൂപ. ക്വാളി ഫ്ലവറിറ് ഇരട്ടി വിലയാണ്, 60 രൂപ. ഇഞ്ചി വില ഡബിൾ സെഞ്ച്വറിയിലേക്ക്. കിലോ 180. സവാള വില 20 ൽ തുടരുന്നതാണ് ഏക ആശ്വാസം.

 

ട്രോളിംഗ് നിരോധിച്ചതോടെ മീൻ വിലയും ഇരട്ടിയായി. ധാന്യങ്ങൾക്കും 10 മുതൽ 20 രൂപ വരെ കൂടി. സീസൺ അവസാനിച്ചതോടെ പഴ വിപണിയിൽ ഓറഞ്ച് വില 60 ൽ നിന്ന് 160 ആയി. ആപ്പിളിന് 80 രൂപ കൂടി 220. മുന്തിരിയ്ക്ക് ഇരട്ടി വിലയാണ്. ഒരു കിലോ മുന്തിരിക്ക് 100 രൂപയാണ് വില.

 

Leave a Reply

Your email address will not be published.